ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ എണ്ണം കൂടുംതോറും ജിയോ 4ജിയുടെ വേഗത കുത്തനെ കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായി)യുടെ കണക്കുകള്‍. ട്രായിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ്. രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. ജൂണ്‍ ആദ്യത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. എന്നാല്‍ ഏപ്രിലില്‍ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു.
അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ വേഗം ഏപ്രിലിലെ 8.9 എംബിപിഎസില്‍ നിന്ന് ജൂണില്‍ 9.1 എംബിപിഎസ് ആയി ഉയര്‍ന്നു. വോഡഫോണ്‍ 7.9 എംബിപിഎസ്, ഐഡിയ 7.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. 3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും എയര്‍ടെല്ലുമാണ്. വോഡഫോണ്‍, എയര്‍ടെല്‍ 3ജിയുടെ ശരാശരി വേഗം 2.5 എംബിപിഎസ് ആണ്.