വോഡഫോൺ ഐഡിയയുടെ പുതിയ താരിഫുകളിൽ റിലയൻസ് ജിയോ അതൃപ്തി രേഖപ്പെടുത്തി. പുതിയ പ്ലാനുകൾ ഉപയോക്താക്കളെ എളുപ്പത്തിൽ പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രായിക്ക് കത്തെഴുതി. വോഡഫോൺ ഐഡിയ (വി)യുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കളെ എളുപ്പത്തിൽ പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ല എന്നതാണ് ആരോപണം.
വോഡഫോൺ ഐഡിയയുടെ പുതിയ താരിഫ് ഘടന എൻട്രി ലെവൽ ഉപഭോക്താക്കളെ അവരുടെ നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നതിന് പരിമിതപ്പെടുത്തുന്നുവെന്ന് ജിയോ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വോഡഫോൺ ഐഡിയയുടെ പ്രീപെയ്ഡ് താരിഫുകൾ 25 ശതമാനം വരെ ഉയർത്തിയത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള എൻട്രി ലെവൽ പ്ലാൻ 75 രൂപയിൽ നിന്ന് 99 രൂപയായി വർധിപ്പിച്ചു. എന്നാൽ, എൻട്രി ലെവൽ പ്ലാനിൽ ഔട്ട്ഗോയിങ് എസ്എംഎസ് സേവനം ബണ്ടിൽ ചെയ്തിട്ടില്ല. എസ്എംഎസ് സേവനങ്ങളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഏകദേശം 179 രൂപയുടെ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനാൽ തന്നെ ഉപഭോക്താക്കൾക്ക് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യാനുള്ള മെസേജ് അയയ്ക്കാൻ ബുദ്ധിമുട്ടാണ്.
എൻട്രി ലെവൽ പ്ലാനുകളിൽ ഔട്ട്ഗോയിങ് എസ്എംഎസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വിയുടെ കുറഞ്ഞ നിരക്കിലെ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ജിയോ ട്രായിയോട് പരാതിപ്പെട്ടിരിക്കുന്നത്. വിയുടെ 179 രൂപയും അതിനുമുകളിലുമുള്ള പ്ലാനുകളിൽ ഔട്ട്ഗോയിങ് എസ്എംഎസ് സേവനം നൽകുന്നുണ്ടെന്നും ജിയോയുടെ റിപ്പോർട്ടിലുണ്ട്.
വിയുടെ പുതിയ താരിഫ് പ്രാബല്യത്തിൽ വന്ന ദിവസം എൻജിഒ ടെലികോം വാച്ച്ഡോഗും ഇതേ വിഷയത്തിൽ ട്രായിയ്ക്ക് മുൻപാകെ പരാതി നൽകിയിരുന്നു. മികച്ച സേവനങ്ങൾക്കായി ഉപഭോക്താക്കൾ മറ്റ് ടെലികോം നെറ്റ്‌വർക്കുകളിലേക്ക് മാറുന്നത് തടയാനാണ് വിയുടെ നീക്കമെന്ന് എൻജിഒ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാൻ ട്രായ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. വാസ്തവത്തിൽ എസ്എംഎസ് സേവനങ്ങൾ ഏറ്റവും കുറഞ്ഞ താരിഫ് പ്ലാനിലാണ് ലഭ്യമാക്കേണ്ടതെന്നും ടെലികോം വാച്ച്ഡോഗ് പറഞ്ഞു