കമ്പ്യൂട്ടറുകളെ വെല്ലുന്ന അപ്ഡേഷനുമായാണ് സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിലുള്ളത്. എന്നാലും ഇന്ത്യയിൽ മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇക്കൂട്ടരെ സ്മാർട്ടാക്കാൻ റിലയൻസ് ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണായിരുന്നു ജിയോ ഫോൺ 4ജി. ഇപ്പോഴിതാ നിരവധി സവിശേഷതകളുമായി പുതിയ ജിയോ ഫോൺ പ്രൈമ 4ജി ലോഞ്ച് ചെയ്തിരിക്കുകയാണ് ജിയോ.
KaiOS-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫീച്ചർ ഫോണിന്റെ രൂപമാണെങ്കിലും ജിയോ ഫോൺ പ്രൈമ 4ജിയിൽ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകൾ ലഭിക്കും. യുപിഐ പേയ്‌മെന്റുകൾ ചെയ്യാനായി ജിയോ പേ എന്ന ആപ്പിന്റെ സപ്പോർട്ടുമുണ്ട്. കൂടാതെ ഒ ടി ടി ആപ്പായ ജിയോ സിനിമ, ജിയോ ടിവി, ജിയോ സാവൻ, ജിയോ ചാറ്റ് എന്നിവയും ആസ്വദിക്കാനാകും. 23 ഭാഷകൾക്കുള്ള സപ്പോർട്ടും ഇതിൽ ലഭ്യമാകും.
ഫോണിന് 320×240 പിക്സൽ സ്‌ക്രീൻ റെസല്യൂഷനോട് കൂടിയ TFT ഡിസ്‌പ്ലേയാണ് ഉള്ളത്. റൗണ്ടഡ് അരികുകളുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ഡിസൈനും പിൻ പാനലിൽ കോൺസെൻട്രിക് സർക്കിൾ ഡിസൈനും ഫോൺ സ്വന്തമാക്കിയവർക്ക് ലഭിക്കും. ഒരൊറ്റ പിൻ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും. ARM Cortex A53 ചിപ്‌സെറ്റും 1,800mAh ബാറ്ററിയുമാണ് ഇതിന്റെ കരുത്ത്. എഫ്എം റേഡിയോ, വൈഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയ്‌ക്കുള്ള സപ്പോർട്ടും ഫോണിലുണ്ട്. ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്. 2,599 രൂപയാണ് ജിയോ ഫോൺ പ്രൈമ 4ജിയുടെ വില. ദീപാവലി സമ്മാനമായി വിപണിയിൽ ഫോണെത്തും.