മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ച് തീർത്തിരിക്കുന്നത്. 2016 ൽ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോൾ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വർക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്.
രാജ്യത്ത് പലയിടത്തും 5ജി കണക്ഷൻ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‌ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കൾ ചെലവഴിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ജിയോ ഉപയോക്താക്കളോരൊരുത്തരും രണ്ട് വർഷം കൊണ്ട് ഡാറ്റാ കൂടുതൽ ഉപയോഗിച്ച് തുടങ്ങി. ഏകദേശം 10 ജിബി ഡാറ്റയോളമാണ് ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ജിയോ നെറ്റ്വർക്കിലെ ഡാറ്റ ഉപയോഗത്തിന്റെ കണക്ക് എടുത്താൽ അത് ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാൾ ഏറെ കൂടുതലാണ്.
കഴിഞ്ഞ പാദത്തിലെ റിപ്പോർട്ടുകൾ അനുസരിച്ച് 2023 മാർച്ചോടെ ജിയോ ഏകദേശം 60,000 സൈറ്റുകളിൽ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നിലവിൽ 5ജി ലഭിക്കുന്നുണ്ട്. നിലവിൽ 5ജി സേവനങ്ങൾ കൂടുതലായി ജിയോ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
2023 അവസാനത്തോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ജിയോയുടെ പ്രസ്താവന. 5ജിയെ കൂടാതെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എയർഫൈബറും ജിയോ അവതരിപ്പിക്കും. ഫൈബറും എയർ ഫൈബറും ലഭ്യമാക്കുന്നതോടെ ഏകദേശം10 കോടി വീടുകളിലേക്ക് പുതുതായി കണക്ഷൻ നൽകാനാകുമെന്ന കണക്കു കൂട്ടലിലാണ് ജിയോ.