മുംബൈ: സെപ്തംബര്‍ ഒന്നിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് 83 ദിവസത്തിനുള്ളില്‍ 50 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്ന് റിലയന്‍സ് ജിയോ. ഗംഭീര ഓഫറുകളായിരുന്നു ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
2016 ഡിസംബര്‍ 31 വരെ ജിയോയിലുടെ ലഭിക്കുന്ന സേവനങ്ങളെല്ലാം പൂര്‍ണമായും സൗജന്യമായിരുന്നു. ഇതാണ് ജിയോക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം ഉപഭോക്താക്കളെ സമ്മാനിച്ചതെന്ന് റിലയന്‍സ് ജിയോ പ്രതിനിധി ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇപ്പോള്‍ 50 മില്യണ്‍ ഉപഭോക്താക്കളെ ലഭിച്ച് കഴിഞ്ഞു.
ദിവസവും ആറ് ലക്ഷം പേരാണ് പുതുതായി ജിയോയിലേക്ക് എത്തികൊണ്ടിരിക്കുന്നെതന്നും പ്രതിനിധി അറിയിച്ചു.
2005ല്‍ സഹോദരന്‍ അനില്‍ അംബാനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മുകേഷ് അംബാനിക്ക് ടെലികോം ബിസിനസ്സില്‍ ഇറങ്ങാന്‍ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ 2010ല്‍ കരാറില്‍ മാറ്റം വരുത്തിയാണ് മുകേഷ് ടെലികോം ബിസിനസ്സില്‍ തിരിച്ചെത്തുന്നത്.
എകദേശം 4,800 കോടി രൂപക്ക് ടെലികോം കമ്പനിയായ ഇന്‍ഫോടെല്ലിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തിരിച്ച് വരവ്. രാജ്യത്താകമാനം റിലയന്‍സിന് 4 ജി സ്‌പെക്ട്രം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്രയും വലിയ ഏറ്റെടുക്കല്‍ നടത്തിയത്