പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹോദരി ദീപ. വീട് നിര്‍മിക്കാന്‍ എത്തിയ രണ്ടു മലയാളികളാണ് ഭീഷണിപ്പെടുത്തിയത്. തന്നോട് മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അയല്‍വാസികള്‍ക്ക് ഞങ്ങളുമായി ശത്രുതയുണ്ട്. അമ്മയ്ക്ക് നാലു പേരെ സംശയമുണ്ട്. ഇതര സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്നും ദീപ പറഞ്ഞു.
തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല. സുഹൃത്തുക്കളാരും ജിഷയെ പരിചയപ്പെട്ടിട്ടില്ല. അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. കുടുംബത്തെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നു. ജിഷ എന്റെ ചോരയാണ്. അവളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാണെന്നും ദീപ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഇന്നലെ മൂന്നുമണിക്കൂറോളം ജിഷയുടെ സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛന്‍ പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്നാണ് സൂചന. ഇതിനിടെയാണ് വിശദീകരണവുമായി ദീപ രംഗത്തെത്തിയത്.