Jisha case; Government reward for Police team

തിരുവനന്തപുരം: ജിഷ കൊലക്കേസില്‍ പ്രതിയെ പിടികൂടിയ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമിന് പ്രത്യേക റിവാര്‍ഡ് നല്‍കും.

ഇതുസംബന്ധമായ സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ പ്രഖ്യാപിക്കും.

രാജ്യത്തിന് മുന്നില്‍ കേരള പൊലീസിന്റെ മാനം സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കാനാണ് ആലോചന.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ അന്തിമ തീരുമാനം ഉണ്ടാകും. റിവാര്‍ഡിനൊപ്പം കാഷ് അവാര്‍ഡും നല്‍കാനാണ് ആലോചന.

മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ ആദ്യത്തെ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

ശാസ്ത്രീയ തെളിവുകളടക്കം ഇപ്പോഴത്തെ അന്വേഷണത്തില്‍ സഹായകരമായതിനാല്‍ അന്വേഷണ സംഘത്തോട് സഹകരിച്ച മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികം ലഭിക്കും.

അതേസമയം, പ്രതിയെ പിടികൂടിയെങ്കിലും പൊതുസമൂഹത്തില്‍ പ്രചരിക്കുന്ന സംശയങ്ങള്‍കൂടി ദൂരീകരിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന് ആഭ്യന്തരവകുപ്പ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, സുദര്‍ശനന്‍ തുടങ്ങിയവരുടെ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.

ആദ്യം അന്വേഷണം നടത്തിയ സംഘത്തിന് എന്തുകൊണ്ട് ഈ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതും പൊലീസിനകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.

പ്രത്യേകിച്ച് പ്രതിയെക്കുറിച്ച് വിവരം നല്‍കിയ സുഹൃത്ത് ഉള്‍പ്പെടെ കൂടെ താമസിച്ചവരുടെ അടുത്ത് നിന്ന് മുന്‍ അന്വേഷണ സംഘത്തിന് വിവരം ലഭിക്കാതിരുന്നത് അന്വേഷണത്തിലെ ഗുരുതര വിഴ്ച ആയിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പൊലീസിനോട് ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാതിരുന്ന കൂടെ താമസിച്ചവരില്‍ നിന്ന് അമീറുളിന്റെ സുഹൃത്തായ ജിഞ്ചലിനെ തന്ത്രപൂര്‍വ്വം അനുനയിപ്പിച്ചാണ് ഡിവൈഎസ്പിമാരുടെ സംഘം വരുതിയിലാക്കിയത്. ഇതാണ് ഈ കേസില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് അമിറുളിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് കാഞ്ചീപുരത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ സുഹൃത്തിനെയും കൂട്ടി കാഞ്ചീപുരം കാര്‍ ഫാക്ടറിക്ക് സമീപമെത്തി പിടികൂടുകയായിരുന്നു.

Top