Jisha case; Rajeswary-fear about-CBI-inquiry

കൊച്ചി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭര്‍ത്താവിനെ തള്ളി കൊല്ലപ്പെട്ട ജിഷയുടെ അമ്മ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ദുരൂഹത.

ജിഷ കൊലക്കേസില്‍ അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെതിരെ പ്രതിതന്നെ ആരോപണമുന്നയിച്ചിട്ടും അയാളെ ഇതുവരെ കണ്ടെത്താന്‍ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

മാത്രമല്ല കൊല നടന്ന ജിഷയുടെ വീട്ടിനുള്ളിലെ മൂന്നാമതൊരാളുടെ വിരലടയാളം ആരുടേതാണെന്നും കണ്ടെത്തിയിട്ടില്ല.

ജിഷയോട് പ്രതിക്ക് കൊലപ്പെടുത്താന്‍ തോന്നിയതായി പൊലീസ് പറയുന്ന കഥയും യുക്തിരഹിതമായാണ് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.പ്രതിയെക്കുറിച്ച് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ നിലപാട് പിന്നീട് ‘വിഴുങ്ങിയാണ്’ ജിഷയുടെ അമ്മ രാജേശ്വരിയും രംഗത്ത് വന്നിരുന്നത്.

ഇതെല്ലാം സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു തന്നെ ഹൈക്കോടതിയെ സമീപിച്ചത്.

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് ജിഷയുടെ അമ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇത് അന്വേഷണ സംഘത്തിന്റെ സമ്മര്‍ദ്ദപ്രകാരമാണോയെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത്.

മൃഗീയമായ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും തുറുങ്കിലടച്ച് യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.

സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ഒഴിവാക്കിക്കുന്നതില്‍ പങ്ക് വഹിച്ച അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്നെയാണ് ജിഷ കൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും വിചാരണ കോടതിയില്‍ ഹാജരാകുന്നത്.

ഈ രണ്ട് കേസിന്റെയും മേല്‍നോട്ട ചുമതല ഉണ്ടായിരുന്നത് എഡിജിപി ബി സന്ധ്യക്കാണെന്നതാണ് മറ്റൊരു കാര്യം.

Top