jisha case; take most effort sahin antony, senior reporter at reporter channel

കൊച്ചി: അധികം ആരും അറിയാതെ സാധാരണ ഒരു കൊലപാതകമായി ‘ഒതുക്ക’ പ്പെടുമായിരുന്ന ജിഷ വധക്കേസില്‍ വഴിതിരിവുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ ഇടപെടല്‍.

ഏപ്രില്‍ 28 ന് കൊലപ്പെട്ട ജിഷയുടെ മരണം 29 ന് മുഖ്യധാരാ മാധ്യമങ്ങളിലടക്കം നാലാം പേജിലെ ചെറിയ വാര്‍ത്തയായിരുന്നു. 31 ആയതോടെ ഇതു സംബന്ധമായ വാര്‍ത്തകള്‍ തന്നെ പത്രങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.

ഇതോടെ സഹിന്‍ ആന്റണിയെ നേരത്തെ എറണാകുളം ലോ കോളേജില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപിക മിനിയും നിഷയുടെ സഹപാഠിയായ ലിബിന്‍ സ്റ്റാന്‍ലിയും വിളിച്ചുവരുത്തി വിവരം കൈമാറുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ അപ്പോള്‍ തന്നെ പെരുമ്പാവൂരിലേക്ക് പുറപ്പെട്ട സഹിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ സംഘത്തിന് മഹസ്സറിന്റെ കോപ്പി നല്‍കാന്‍ കുറുപ്പുംപടി പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ 500 രൂപ ഒരു പോലീസുകാരന് കൊടുത്താണത്രെ മഹസ്സറിന്റെ കോപ്പി സംഘടിപ്പിച്ചത്.

മഹസ്സര്‍ രാത്രി എട്ടുമണിയോടെ കയ്യില്‍ കിട്ടിയപ്പോള്‍ അദ്ധ്യാപികയും സഹപാഠിയും പറഞ്ഞതിനേക്കാള്‍ ഗൗരവമാണ് കാര്യങ്ങളെന്ന് സഹിന് മനസിലായി. ഈ വിവരം ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ചാനലില്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ കണ്ണൂരില്‍ നിന്ന് ഫോണില്‍ നികേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

ഇതോടെ ജിഷയുടെ സഹപാഠികളായ രണ്ട്‌പേരെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിച്ച് അന്ന്തന്നെ രാത്രി 9.40 ന് ചാനല്‍ ന്യൂസ് ബ്രേക്ക് ചെയ്തു.

10 മണിയോടെ വിഷയം ചര്‍ച്ചക്കെടുത്തതോടെ കേരളം ഞെട്ടുന്ന കൊലപാതകം സംബന്ധമായ വിവരങ്ങള്‍ അതിന്റെ എല്ലാ ഗൗരവത്തോട് കൂടിയും പുറത്താവുകയായിരുന്നു.

ഇതിന്‌ശേഷം കൈരളി ചാനല്‍ രാത്രി 11 മണിക്ക് ഇതേ വിഷയം ചര്‍ച്ചക്കെടുത്തു. പിന്നീട് മറ്റ് ചാനലുകള്‍ക്കും വെറുതെയിരിക്കാനായില്ല. കേരളം കണ്ടതില്‍വെച്ച് ഏറ്റവും ഹീനമായ കൊലപാതകത്തിന്റെ അടിവേരുകള്‍ തേടി ചാനല്‍പ്പട പെരുമ്പാവൂരിലേക്ക് കുതിച്ചു. സോഷ്യല്‍മീഡിയകളിലും വാര്‍ത്ത വൈറലായി.

നിയമസഭാ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഉടന്‍തന്നെ മുഖ്യമന്ത്രി ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കാന്‍ കുതിച്ചെത്തിയതും നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചു.

ഡല്‍ഹി മോഡല്‍ ഹീനമായ കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനുശേഷമെത്തിയ ഉമ്മന്‍ചാണ്ടിയോട് ‘ഈ സംഭവം അങ്ങയുടെ ഭരണ പരാജയമല്ലേ’ എന്ന് ചോദിച്ച സഹിന്‍ ആന്റണിക്ക് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ്സുകാരില്‍ നിന്ന് തല്ലും കിട്ടി.

തല്ല് കിട്ടിയാലും വൈകിയാണെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷത്തിലാണ് സഹിന്‍ ആന്റണി. കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍.

Top