പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. കഞ്ചാവ് വില്‍പനക്കാരായ ഇയാളെ, കൊലയ്ക്ക് ശേഷം കാണാതാവുകയായിരുന്നു.
ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. കുറുപ്പംപടി വായ്ക്കരയിലെ വീട്ടില്‍ മൂന്നു മാസം മുമ്പ് ദീപ താമസിച്ചിരുന്നു. അപ്പോള്‍ ഇയാള്‍ ദീപയെ കാണാന്‍ എത്തിയിരുന്നു. മാത്രമല്ല, ജിഷയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തു. പാപ്പു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പരിചരിക്കാനെത്തിയ ജിഷയെ ഇയാള്‍ പരിചയപ്പെടുകയും ചെയ്തു.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവും തമ്മില്‍ യോജിക്കുന്നില്ല. ഇതോടെയാണ് ദീപയുടെ സുഹൃത്തിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ജിഷയെ കൊന്നത് പരിചയക്കാരനാണെന്ന് എ.ഡി.ജി.പി പത്മകുമാര്‍ പറയുകയും ചെയ്തു. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ജിഷ ഉപയോഗിച്ചിരുന്ന പെന്‍കാമറയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.