പെരുമ്പാവൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി.
തന്നെയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെയും ചേര്‍ത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നത്.
തന്നെ ഒരു തവണ പോലും ജോമോന്‍ കാണാന്‍ വന്നിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി.
പി.പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്തിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇന്ന് പ്രതികരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കൊ തന്റെ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലും വീട്ടില്‍ ജോലിക്കു നിന്നിട്ടില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റേത് വ്യക്തിഹത്യയാണ്. നിയമ നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജിഷയുടെ അമ്മ ഒരാവശ്യത്തിനും തന്റെ വീട്ടില്‍ വന്നിട്ടില്ല. ജിഷ കൊല്ലപ്പെട്ടശേഷം അമ്മ രാജേശ്വരി ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് അവരെ സന്ദര്‍ശിച്ചത്.
കെ.പി.സി.സിയുടെ ധനസഹായം കൈമാറാനും ആശുപത്രിയില്‍ പോയിരുന്നു. അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് ശരിയല്ല. ഇതൊന്നുമല്ല രാഷ്ട്രിയമെന്നും അദ്ദേഹം പറഞ്ഞു.