jisha murder

തൃശൂര്‍: പെരുമ്പാവൂര്‍ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തൃശൂരിലെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. കൊലയാളി ചികിത്സ തേടി തൃശൂരിലെ ആശുപത്രിയിലെത്തിയിരുന്നുവെന്ന സൂചനകളുടെയും സംശയങ്ങളുടേയും അടിസ്ഥാനത്തിലാണ് കേസന്വേഷണം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും ദിവസമായി പോലീസ് സംഘം അന്വേഷണം നടത്തിവരികയാണ്.

ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അടുത്ത ഒരാഴ്ചവരെ തൃശൂരിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ പുരുഷന്‍മാരുടെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്.

ഇവരുടെ പേരും ഫോണ്‍ നമ്പറടക്കമുള്ള വിലാസവും ഇവര്‍ക്ക് പറ്റിയ പരിക്കുകളുടെ സ്വഭാവവും എല്ലാം വിശദമായി ശേഖരിക്കുന്നുണ്ട്. പല ആശുപത്രികളിലും രണ്ടും മൂന്നും ദിവസം സമയമെടുത്ത് എല്ലാ വിശദാംശങ്ങളും എഴുതിയെടുക്കുകയാണുണ്ടായത്.

അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും ഒരാഴ്ച കഴിഞ്ഞാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഫോര്‍മാറ്റ് ചെയ്ത് വീണ്ടും റെക്കോര്‍ഡ് ചെയ്യുകയാണ് പതിവ്.
അതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എത്രമാത്രം സഹായകരമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നത് വ്യക്തമല്ല. എങ്കിലും ലഭ്യമായ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം തയാറാക്കിയ പശ്ചാത്തലത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം.

അന്വേഷണസംഘം ആശുപത്രികളിലെത്തുമെന്നും അവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് സഹകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും നേരത്തെ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

അത്യാഹിത വിഭാഗത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്ന് കേസന്വേഷണത്തിന് സഹായകമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Top