പെരുമ്പാവൂര്‍ : നിയമവിദ്യാര്‍ത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാം തുടര്‍ച്ചയായി മൊഴി മാറ്റിപ്പറയുന്നു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണമോ പ്രേരണയോ സ്ഥിരീകരിക്കാന്‍ ഇതുവരെ മൊഴികളില്‍ നിന്നു സാധിച്ചിട്ടില്ല.
ആദ്യം നല്‍കിയ മൊഴികളെല്ലാം ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ അമീറുള്‍ മാറ്റിപ്പറഞ്ഞു. കൊലക്കുപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്താനായില്ല. അസമിലും പൊലീസ് പരിശോധന തുടരുകയാണ്.
പ്രതിയെ അയല്‍വാസി തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തില്‍ നാളെ പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല നടത്തിയ സാഹചര്യങ്ങള്‍ പ്രതിയെക്കൊണ്ട് വിശദീകരണം നടത്തിക്കും.
കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഭവദിവസം രാവിലെ ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു ചോദ്യംചെയ്യലില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍.
അന്നു മദ്യപിച്ചതും സുഹൃത്ത് അനാറിന്റെ പ്രേരണയും പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണമായെന്നും അതാണു കൊലയിലേക്കു നയിച്ചതെന്നും അമീറുള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
കൊലപാതകം നടത്തിയ രീതിയും സ്ഥലംവിട്ടു പോയതും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കൊലപാതകപ്രേരണ യുക്തിസഹമായി ബോധ്യപ്പെടാന്‍ അന്വേഷണസംഘം ബുദ്ധിമുട്ടുകയാണ്.
എല്ലാ പഴുതും അടച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഇതിനായി സംഭവദിവസം ജിഷ വീട്ടില്‍ നിന്നു പുറത്തുപോയത് എങ്ങോട്ടാണെന്നും എന്തിനാണെന്നും ഉള്ള കാര്യങ്ങളും അന്വേഷണവിധേയമാക്കുന്നു.
വീടുപണി പൂര്‍ത്തിയാക്കാനുള്ള ആവശ്യങ്ങള്‍ക്കും ജോലി തേടിയുമാണു ജിഷ അധികവും പുറത്തുപോയിരുന്നത്. ഏപ്രില്‍ 28നു പിഎസ്‌സി വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.