കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി അമിയൂറാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു. ഡിഎന്‍എ പ്രതിയുടേത് തന്നെയാണെന്നാണ് പരിശോധനാ ഫലം.
രണ്ട് ദിവസം മുന്‍പാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു. ഇയാളുടെ നാലു സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതിനിടെ, മുന്‍വൈരാഗ്യം മൂലമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമിയുര്‍ പൊലീസിനോട് പറഞ്ഞു. നിര്‍മാണ തൊഴിലാളിയായിരുന്നു അമിയൂര്‍. ജിഷയുടെ വീടിന് സമീപത്തെ കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കാന്‍ വന്നപ്പോള്‍ അമിയൂര്‍ അവിടെയെത്തി. എന്നാല്‍, സ്ത്രീകള്‍ ഇയാളെ ആട്ടിപ്പായിച്ചു. ഇതിനിടെ ഒരു സ്ത്രീ ഇയാളെ അടിച്ചു. ഇതുകണ്ട് ജിഷ ചിരിച്ചു. ഇതാണ് ജിഷയോട് വൈരാഗ്യം ഉണ്ടാവാന്‍ ഇടയാക്കിയതെന്നാണ് മൊഴി.
സംഭവദിവസം രാവിലെ ജിഷയുടെ വീട്ടില്‍ അമിയൂര്‍ ചെന്നിരുന്നു. തുടര്‍ന്ന് ജിഷയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ പ്രതി വൈകിട്ട് നാലു മണിയോടെ വീണ്ടും ജിഷയുടെ വീട്ടിലെത്തി. ജിഷയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. വഴക്കിനിടെ ജിഷയെ കടന്നുപിടിക്കാന്‍ അമിയൂര്‍ ശ്രമിച്ചു. അപ്പോള്‍ ജിഷ ചെരുപ്പ് ഊരി ഇയാളെ അടിച്ചു. ക്ഷുഭിതായ അമിയുര്‍ ജിഷയെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാക്കുകയും ചെയ്തു.
തുടര്‍ന്ന് ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമത്തിനിടെ ജിഷ അമിയൂറിനെ കടിച്ചു. അമിയുര്‍ തിരിച്ചും കടിച്ചു. അങ്ങനെയാണ് ജിഷയുടെ വസ്ത്രങ്ങളില്‍ ഉമിനീര് കലര്‍ന്നത്. എന്നാല്‍, ജിഷ ചെറുത്തതോടെ മാനഭംഗശ്രമം ഉപേക്ഷിച്ചു.
കൊലപാതകത്തിന് ശേഷം ജിഷയുടെ വീടിന് സമീപത്തെ കനാലില്‍ കൂടി നടന്നു പോയി. ഇതിനിടെ കാല്‍ ചെളിയില്‍ കുടുങ്ങി. കാല്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചെരുപ്പ് ചതുപ്പില്‍ പുതഞ്ഞു. ചെരുപ്പ് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. രാത്രി 8.30ന് ആലുവയില്‍ എത്തി. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും പിന്നീട് ആസാമിലേക്കും കടക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്.
രണ്ട് ദിവസം മുന്‍പ് പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളിലെ വ്യക്തിക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ ഉണ്ടായിരുന്നത്.
ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായതെന്നാണ് വിവരം. ജിഷയുടെ വീടിന്റെ സമീപത്തു നിന്ന് പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. അതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.
ഏപ്രില്‍ 28ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.
ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പെരുമ്പാവൂരിനു പുറത്തുള്ള ഒരു സ്റ്റുഡിയോക്കാരന്റെ മൊഴിയിൽ നിന്നും കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് സൂചന ലഭിച്ചിരുന്നു. ഏപ്രിൽ 28നു കൊല്ലപ്പെടുന്നതിനു മുമ്പ് ഏപ്രിൽ 15നു ജിഷ ഫോട്ടോ എടുക്കാൻ പോയിരുന്നു. ഈ ആൺസുഹൃത്തിനൊപ്പം ബൈക്കിലാണ് ജിഷ സ്റ്റുഡിയോയിൽ എത്തിയത്. സ്റ്റുഡിയോ ഉടമയിൽ നിന്നും ഇയാളെക്കുറിച്ച് വിവരം ലഭിച്ചു.
ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജനനേന്ദ്രിയം തകർക്കപ്പെട്ട നിലയിലും കുടൽമാല പുറത്തുവന്ന നിലയിലും അതിക്രൂരമായിരുന്നു കൊല. സംഭവം നടന്ന ശേഷം കൊലപാതക വിവരം പൊലീസ് മൂടിവയ്ക്കാൻ ശ്രമിച്ചതും മൃതദേഹം അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിച്ചതും വിവാദമായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ അന്നു പൊലീസ് ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അന്വേഷണം എഡിജിപി സന്ധ്യയ്ക്ക് കൈമാറിയത്.