കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണം പോസിറ്റീവാണെന്ന് അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യ പറഞ്ഞു.
ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും എഡിജിപി കൊച്ചിയില്‍ പ്രതികരിച്ചു.
ജിഷയുടെ കൊലപാതകിയായ അസം സ്വദേശിയെ കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇന്ന് പൊലീസ് പിടികൂടിയിരുന്നു. 23 കാരനായ അമിയൂര്‍ ഉള്‍ ഇസ്‌ലാമാണ് പിടിയിലായത്.
ഡിഎന്‍എ പരിശോധനഫലവും അനുകൂലമായതോടെയാണ് പ്രതി അമിയൂര്‍ ഉള്‍ ഇസ്‌ലാം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജിഷയുടെ സുഹൃത്തായിരുന്ന പ്രതി നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു.
ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതി ജിഷയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു.
പ്രതി തന്നെയാണ് തങ്ങള്‍ പരിചയക്കാരാണെന്ന കാര്യം അന്വോഷണസംഘത്തോട് വെളിപ്പെടുത്തിയത്.
ഈ ബന്ധം എങ്ങനെ കൊലയിലേക്ക് നയിച്ചു എന്നത് പൊലീസിന് കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം രാവിലെ അമിയുര്‍ ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു.
ഇരുവരും തമ്മില്‍ രാവിലെ വാക്കേറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്ന് വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടന്നത്.
രണ്ട് ദിവസം മുന്‍പ് പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളിലെ വ്യക്തിക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ ഉണ്ടായിരുന്നത്. അതേസമയം ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായതെന്നാണ് വിവരം.
ജിഷയുടെ വീടിന്റെ സമീപത്തു നിന്ന് പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.
ഏപ്രില്‍ 28ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നത്.
ഇതിനിടെ ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഇരിങ്ങോള്‍ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്ന് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
പിന്നീട് ജിഷയുടെ വീടിന് സമീപത്തെ കനാലിലാണ് എന്നും പ്രതി മൊഴി മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് ദ്വിഭാഷിയുടെ സഹായം തേടിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ദ്വിഭാഷിയുടെ സഹായം തേടിയിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കാനുണ്ട്.