ഗുവാഹട്ടി : ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനറുല്‍ ഇസ്‌ലാം അസമില്‍ നിന്ന് രക്ഷപെട്ടു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇയാള്‍ കടന്നുകളഞ്ഞത്.
അതേസമയം, കേരളത്തിലേക്കാണ് അനാര്‍ പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
അനറുലിനെ കേരള പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ജജോരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് കൊച്ചി സിറ്റി എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴിയെടുത്തത്.
പ്രതിയുടെ വീട്ടില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അനറുലിന്റെ വീട്. കേരളത്തിലുണ്ടായിരുന്ന അനറുല്‍, ജിഷ വധത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ മാത്രം കസ്റ്റഡിയിലെടുത്ത് കേരളത്തില്‍ എത്തിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അറസ്റ്റിനുമുന്നേ ഇയാള്‍ ഇവിടെനിന്നു രക്ഷപെടുകയായിരുന്നു.