Jisha murder case; 3 in custody,ludicrous comments from ADGP

കൊച്ചി: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത് 3 പേര്‍. ഇതില്‍ ജിഷയുടെ സഹോദരിയുടെ സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയുമുണ്ടെന്നാണ് സൂചന.

സാഹചര്യത്തെളിവ് മാത്രം മുന്‍നിര്‍ത്തി അറസ്റ്റ് രേഖപ്പെടുത്താതെ പരമാവധി തെളിവുകള്‍ ശേഖരിക്കണമെന്ന് ഡിജിപിയടക്കമുള്ളവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അതിനായുള്ള നെട്ടോട്ടത്തിലാണ് അന്വേഷണസംഘം.

ഡിജിപിയുടെ സ്‌പെഷ്യല്‍ സ്വകാഡും പ്രത്യേക അന്വേഷണ സംഘവുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ജിഷയുടെയും സഹോദരിയുടെയും, സഹോദരിയുടെ സുഹൃത്ത്, മുന്‍പ് ജിഷയുടെ കുടുംബം പരാതിപ്പെട്ട വ്യക്തി തുടങ്ങിയവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ഇതിനകം തന്നെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

പൊലീസ് തയാറാക്കിയ രേഖാചിത്രം.ജിഷയുടെ ദേഹത്തു കണ്ട പരുക്കുകള്‍ എന്നിവ പൊലീസ് വീണ്ടും വിലയിരുത്തുകയാണ്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകളിലേതിനു സമാനമാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകളാണെന്നാണ് നിഗമനം.

അതേസമയം, വിദ്യാര്‍ഥിനി കൊല്ലപ്പെട്ട് പത്തുദിവസം പിന്നിടുമ്പോഴും പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിക്കാന്‍ പറ്റാത്തത് അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

മാധ്യമങ്ങളോട് വ്യക്തമല്ലാത്ത വിവരങ്ങള്‍ നല്‍കരുതെന്നും മാധ്യമ ‘സ്വാധീന’ത്തിന് അടിമപ്പെടരുതെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ‘വെള്ളാനകളുടെ നാട്’ എന്ന മോഹന്‍ലാല്‍ സിനിമയില്‍ കുതിരവട്ടം പപ്പു പറയുന്ന പോലെ ‘ഇപ്പൊ ശരിയാക്കി തരാമെന്ന’ രൂപത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായി സൂചന കിട്ടി, ആസൂത്രിതമായാണ് കൊലപാതകമെന്നൊക്കെ പറഞ്ഞ് ചാനലുകളില്‍ എഡിജിപി പത്മകുമാര്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഇതിനകം തന്നെ പരിഹാസ്യമായി മാറിയിട്ടുണ്ട്.

മുന്‍പ് ചില ആരോപണങ്ങളില്‍പ്പെട്ട എഡിജിപി പത്മകുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഡിജിപിയും ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രനുമടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.

നിലവില്‍ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ സ്വന്തം നിലക്ക് സ്‌പെഷ്യല്‍ ടീമിനെ ഡിജിപി നിയോഗിച്ചതും യഥാര്‍ത്ഥ കുറ്റവാളിയെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തുന്നതിനാണ്.

Top