കൊച്ചി: ജിഷ കൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്സാമിന്റെ സുഹൃത്ത് അനാര്‍ പെരുമ്പാവൂരിലെ കുറുപ്പുംപടിയിലെ ലേബര്‍ ക്യാമ്പിലുണ്ടായിരുന്നതായി സൂചന.
ഈ അനാറിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അന്വേഷണ സംഘത്തിലെ എസ്പി ഉണ്ണിരാജ, അനാറെന്നൊരു സുഹൃത്ത് അമീറിനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
പിന്നീട് അനാറുമായി ബന്ധപ്പെട്ട് മുന്‍പ് പൊലീസ് പുറത്ത് വിട്ട വിവരങ്ങളും കോടതിയില്‍ അമീറുള്‍ തന്നെ അനാറാണ് ജിഷയെ കൊന്നതെന്ന് പറഞ്ഞതും വിവാദമായപ്പോള്‍ മുന്‍ നിലപാട് വിഴുങ്ങി അനാറെന്നൊരാളുണ്ടെന്നും എന്നാല്‍ കേരളത്തിലേക്ക് വന്നിട്ടില്ലെന്നുമാണ് എസ് പി പറഞ്ഞിരുന്നത്.
കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഏറെ മുന്‍പ് തന്നെ അനാര്‍ പെരുമ്പാവൂര്‍ വിട്ട് പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ അധികൃതരുടെ ഭാഷ്യം.
എന്നാല്‍ അസമില്‍ അനാറിനെ തിരഞ്ഞ് പോയ പൊലീസ് അയാളെ കണ്ടെത്തിയിട്ടും കസ്റ്റഡിയിലെടുക്കാതെ ‘വിട്ടതില്‍’ വ്യക്തമായ മറുപടി പറയാതെ പൊലീസ് ഉരുണ്ട് കളിക്കുകയാണ്.
അനാറിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തുടക്കം മുതല്‍ അമീറുള്‍ ഇസ്ലാം പറഞ്ഞിട്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ച് ചേദ്യം ചെയ്യുന്നതിന് പകരം ‘വിട്ടു കളഞ്ഞത്’ എന്തിന് വേണ്ടി? ആര്‍ക്ക് വേണ്ടി ? എന്ന ചോദ്യമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നത്.
സാധാരണ ഗതിയില്‍ ഒരു ക്രിമിനല്‍ കേസിലെ പ്രതി കൂട്ട്പ്രതിയുടെ പങ്കിനെക്കുറിച്ച് പറഞ്ഞാല്‍ അയാളെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടി സ്വീകരിക്കുകയാണ് പൊലീസ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ അതുണ്ടാവാതിരുന്നതാണ് ഇപ്പോള്‍ സംശയത്തിനിട നല്‍കിയിരിക്കുന്നത്.
അമിറുള്‍ ഇസ്ലാമിന്റെ കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും മൂന്നാമത്തെ വിരലടയാളവും അനാറിന്റെ തിരോധാനവും ഏറെ ദുരൂഹത ഉയര്‍ത്തുന്നത് തന്നെയാണ്.
പല്ലിന് വിടവുള്ളയാളാണ് കൊല നടത്തിയതെന്ന് പറഞ്ഞ ഫോറന്‍സിക് പരിശോധനാ ഫലവും അമിറുള്‍ ഇസ്ലാമുമായി ചേരാത്തതാണ്.
മാത്രമല്ല ദൃക്‌സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച രേഖാചിത്രങ്ങള്‍ക്ക് അമിറുള്‍ ഇസ്ലാമുമായി ഒരു ബന്ധവുമില്ല താനും.
ഈ സാഹചര്യത്തില്‍ അമിറൂള്‍ ഇസ്ലാം ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന സ്ത്രീയുടെ മൊഴി കോടതിയില്‍ സ്ഥാപിക്കാനും പ്രോസിക്യൂഷന് കഷ്ടപ്പെടേണ്ടി വരും.
ഡിഎന്‍എ ഫലം അമിറുള്‍ ഇസ്ലാമിന് എതിരായതാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ള പ്രധാന തെളിവ്.
ഇത് ജിഷയെ ആക്രമിച്ച കാര്യത്തില്‍ പ്രതിക്ക് എതിരായി വരുന്ന പ്രധാന ഘടകമാണെങ്കിലും കൊലപാതകത്തിലെ ഉദ്ദേശ്യമടക്കം അന്വേഷണസംഘത്തിന് ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്ത മറ്റ് തെളിവുകളും അനാറും പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
കൊല നടക്കുമ്പോള്‍ പ്രതിയുടെ സുഹൃത്ത് അനാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ പ്രതിഭാഗം.
നേരിട്ട് ദൃക്‌സക്ഷിയില്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ് അനാറുള്‍ ഇസ്ലാം.
പിടിക്കപ്പെട്ട അന്നുമുതല്‍ അനാറിന്റെ പേര് അമീര്‍ മൊഴികളില്‍ ആവര്‍ത്തിക്കുന്നുണ്ട് എന്നത് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ പിടിവള്ളിയാണ്.