Jisha murder case; Death mystery in ADGP Padmakumar’s presence

കൊച്ചി: ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ വിവാദ ‘നായകനായ’ എഡിജിപി ഇടപെടുന്നതില്‍ ദുരൂഹത.

കേസ് അന്വേഷണം നടത്തേണ്ട ചുമതല റേഞ്ച് ഐജി മഹിപാല്‍ യാദവിനാണെങ്കിലും സംഭവസ്ഥലത്ത് തമ്പടിച്ച് എഡിജിപി പത്മകുമാര്‍ കേസില്‍ ഇടപെടുന്നതാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്.

മുന്‍പ് തന്റെ നഗ്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചിരുന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സരിതാ നായര്‍ ‘പ്രതിക്കൂട്ടിലാക്കിയ’ ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല ഇല്ലാതിരുന്നിട്ടും പെരുമ്പാവൂരില്‍ തമ്പടിച്ച് ‘മേല്‍നോട്ടം’ വഹിക്കുന്നത്.

സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ‘മിടുക്കനായി’ വിലയിരുത്തപ്പെടുന്ന ഈ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡിവൈഎസ്പി മുന്‍പ് അറസ്റ്റ് ചെയ്ത സരിതാ നായരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ചില മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന ഗുരുതരമായ ആരോപണവും സരിത ഉന്നയിച്ചിരുന്നു.

ഉന്നതരുടെയടക്കം ദൃശ്യങ്ങള്‍ അടങ്ങിയ ഈ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസ് എടുത്ത്‌കൊണ്ടു പോയത് സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനാണെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ നല്‍കിയ പരാതി ഇപ്പോള്‍ സോളാര്‍ കമ്മീഷന്റെ പരിഗണനയിലുമാണ്.

സരിത കേസില്‍ ആരോപണ വിധേയനായ അതേ എഡിജിപി പത്മകുമാര്‍ തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പെരുമ്പാവൂരില്‍ വീണ്ടുമെത്തിയിരിക്കുന്നത്.

നേരത്തെ സരിതാ കേസിലാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പിക്ക് ‘നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കില്‍’ ഇപ്പോള്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇടപെടല്‍. ഇതില്‍ ഒരു വ്യത്യാസം അന്ന് പെരുമ്പാവൂരില്‍ ഡിവൈഎസ്പിയായിരുന്നത് ഹരികൃഷ്ണനായിരുന്നുവെങ്കില്‍ ഇപ്പോള്‍ അനില്‍കുമാറാണ് ആ തസ്തികയില്‍ ഉള്ളത് എന്നതു മാത്രമാണ്.

ജിഷയുടെ കുടുംബം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പരിഗണിക്കുന്നതില്‍ ഗുരുതരമായ വീഴ്ച കാട്ടിയത് പെരുമ്പാവൂര്‍ ഡിവൈഎസ്പിയാണ്.

കാരണം ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കടമയാണ്.

അയല്‍വാസിയുടെ ഭീഷണി സംബന്ധിച്ചും വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലും കാര്യക്ഷമമായ അന്വേഷണമോ അതല്ലെങ്കില്‍ സ്ത്രീകള്‍ മാത്രമുള്ള ഈ കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് പൊലീസ് സംരക്ഷണമോ നിരീക്ഷണമോ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നു.

ജിഷ കൊല്ലപ്പെട്ടതിന് ശേഷം തൊട്ടടുത്ത ദിവസം മാത്രമാണ് ബോഡി ആശുപത്രിയിലേക്ക് മാറ്റിയത് എന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയായിരുന്നുവെന്നതും അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ്.

മാത്രമല്ല ഒരു പെറ്റിക്കേസുണ്ടായല്‍ പോലും പത്രലേഖകരെ വിളിച്ച് അതിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ‘മൊഴിയുന്ന’പൊലീസ് മനുഷ്യത്വം മരവിപ്പിക്കുന്ന മൃഗീയ കൊലപാതകത്തിന്റെ ‘ഗൗരവം’ മനപൂര്‍വ്വം മറച്ച് വയ്ക്കാന്‍ ശ്രമിച്ചത് ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഡല്‍ഹി പീഡനത്തേക്കാള്‍ കിരാതമായ ആക്രമണവാര്‍ത്ത പുറത്ത് വന്നാല്‍ സര്‍ക്കാരിനും യുഡിഎഫിനും തിരിച്ചടിയാവുമെന്ന് കണ്ടാണ് ഈ ഇടപെടല്‍ നടന്നത്തിയതെന്നാണ് ആക്ഷേപം.

എന്നാല്‍ ജിഷയുടെ സഹപാഠികള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ കാമ്പയിന്‍ അധികൃതരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും, പ്രതി പിടിയില്‍ എന്നുമൊക്കെ പറഞ്ഞ് മാധ്യമങ്ങളെയും ജനങ്ങളേയും ‘തണുപ്പിക്കാനാണ് ‘ പൊലീസ് ശ്രമിക്കുന്നത്.

ഏതെങ്കിലും ‘നിരപരാധിയെ’പിടികൂടി കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള തന്ത്രമാണോ അണിയറയില്‍ അരങ്ങേറുന്നതെന്ന സംശയത്തിന് ബലം നല്‍കുന്നതാണിത്.

പെരുമ്പാവൂര്‍ സംഭവത്തിന്റെ ഷോക്കില്‍ നില്‍ക്കുന്ന കേരളത്തെ ഞെട്ടിച്ച് കൊണ്ടാണ് തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോറിക്ഷയില്‍ കൂട്ടമാനഭംഗപ്പെടുത്തിയ നിലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കാണപ്പെട്ടത്. ഇവരും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതും ഗൗരവകരമാണ്.

പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥ എന്തായാലും വര്‍ക്കലയില്‍ ഉണ്ടായില്ല. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ പ്രതികളെ പൊക്കാന്‍ പൊലീസിന് കഴിഞ്ഞുവെന്നത് ആഭ്യന്തരവകുപ്പിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

Top