കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് ഡി.ജി.പി ടി പി സെന്‍കുമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. രണ്ടുദിവസമായി കൊച്ചിയില്‍ തങ്ങിയാണ് ഡി.ജി.പി കേസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ദിവസവും വിളിച്ചുചേര്‍ത്ത് അന്വേഷണ പുരോഗതികളും പ്രതിയെപ്പറ്റിയുള്ള സാധ്യതകളും വിലയിരുത്തുന്നതിനൊപ്പം തന്റെ വ്യക്തിബന്ധം ഉപയോഗിച്ച് കേസ് ഫയലില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ കേസില്‍ ആഭ്യന്തര മന്ത്രിയും പൊലീസും ഏറെ പഴികേട്ട സാഹചര്യത്തിലാണ് അസാധാരണമാം വിധം സംസ്ഥാന പൊലീസ് മേധാവിതന്നെ കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഡി.ജി.പി എറണാകുളത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ഏറ്റവുമധികം വിമര്‍ശമുണ്ടായത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സംബന്ധിച്ചാണ്. പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും ക്രമപ്രകാരമല്ല നടന്നതെന്നും കൊലക്കേസില്‍ പ്രതിയെ പിടിക്കലും തെളിവ് ശേഖരിക്കലും പൂര്‍ത്തിയാകും മുമ്പ് മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് ശരിയായില്ലെന്നുമാണ് വ്യാപക വിമര്‍ശം ഉയര്‍ന്നത്.
ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള വിവരശേഖരണത്തിനാണ് ഇപ്പോള്‍ ഡി.ജി.പി സെന്‍കുമാര്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം പൂര്‍ത്തിയായശേഷം പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് പരിശോധന എന്നിവ സംബന്ധിച്ച മുഴുവന്‍ ഫയലുകളും ശേഖരിച്ചാണ് ഡി.ജി.പി പൊലീസിന്റെ മുഖം രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ഫയലുകളുമായി അദ്ദേഹം ഫോറന്‍സിക് വിദഗ്ധനും മുന്‍ വകുപ്പ് മേധാവിയുമായ ഡോ. ഉമാദത്തന്റെ കൊച്ചിയിലെ വീട്ടില്‍ രണ്ടുമണിക്കൂറാണ് ചെലവഴിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് പരിശോധനകളില്‍ അപാകതയില്ലെന്നും മൃതദേഹം ദഹിപ്പിച്ചത് തെളിവ് ശേഖരണത്തെയും കേസ് നടപടികളെയും ബാധിക്കില്ലെന്നുമുള്ള നിഗമനത്തിലാണ് ഇരുവരും എത്തിയതും. ജിഷ കൊല്ലപ്പെട്ടിട്ട് ശനിയാഴ്ച 10 ദിവസം പൂര്‍ത്തിയായി.
ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. 29ന് ആലുവ റൂറല്‍ എസ്.പിയും എറണാകുളം മേഖലാ ഐ.ജി മഹിപാല്‍ യാദവും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍, സംഭവം വിവാദമായതോടെ കേസ് നടപടികള്‍ നിയന്ത്രിക്കുന്നതിന് എ.ഡി.ജി.പി പത്മകുമാറിനെയും നിയോഗിച്ചു. അദ്ദേഹം പെരുമ്പാവൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, എ.ഡി.ജി.പി ഹേമചന്ദ്രനും രംഗത്തെത്തി.