Jisha murder case; Home minister should apologize, says Kodiyeri

കോട്ടയം: ജിഷ കൊലക്കേസിലെ അന്വേഷണം എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത വനിത ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്ത പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ച സംഭവിച്ചു.

വനിത ഐ.ജിയുടെയോ എ.ഡി.ജി.പിയുടെയോ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറണം. പൊലീസിന്റെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജനങ്ങളോടു മാപ്പുപറയാന്‍ തയാറാകണം.

സ്ത്രീകള്‍ക്കു വീടിനുള്ളില്‍ പോലും സുരക്ഷ ഉറപ്പാക്കാനാവാത്ത സാഹചര്യമാണ്. സംഭവത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പൊലീസിനും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

കൊലപാതകം നടന്ന് ആറു ദിവസത്തിനു ശേഷമാണ് ആഭ്യന്തര മന്ത്രി സംഭവസ്ഥലത്ത് എത്തുന്നത്. ഓരോ പ്രദേശത്തെയും സംഭവങ്ങള്‍ അതതു ദിവസം തന്നെ ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും പൊലീസ് ഇന്റലിജന്‍സ് വിഭാഗം കൃത്യമായി അറിയിക്കുന്നുണ്ട്. എന്നിട്ടും ആദ്യ ദിവസങ്ങളില്‍ സംഭവ സ്ഥലത്ത് എത്താതിരുന്നത് ആഭ്യന്തരമന്ത്രിക്കു സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്.

മാധ്യമങ്ങളിലുടെയാണ് വിഷയം അറിഞ്ഞതെങ്കില്‍ ആ കാര്യം ചെന്നിത്തല തുറന്നു പറയണം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കില്‍ ഇന്റലിജന്‍സ് മേധാവിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊലപാതകം നടന്ന സ്ഥലം എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണം. പി.ജി വിദ്യാര്‍ഥിയെ കൊണ്ട് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്.

പ്രതിയെ രക്ഷപെടുത്താന്‍ വേണ്ടിയുള്ള ശ്രമാണിതെന്നും സംശയിക്കാം. തെര!ഞ്ഞെടുപ്പ് പ്രമാണിച്ചു പൊലീസ് സംഘം സംഭവം വിവാദമാകാതെ മൂടിവെക്കുകയായിരുന്നെന്നും കോടിയേരി ആരോപിച്ചു.

Top