Jisha murder case; It should be under the supervision of honest officials

രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കുന്ന ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മേല്‍നോട്ടം വഹിക്കാന്‍ എഡിജിപി പത്മകുമാറിനെ നിയോഗിച്ച ആഭ്യന്തരമന്ത്രിയുടെ നടപടി സംശയകരമാണ്.

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഒരാളാണ് കൊലപാതകിയെന്ന് പൊലീസ് അനൗദ്യോഗികമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഒട്ടും വിശ്വാസ്യയോഗ്യമല്ല. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഏതെങ്കിലും നിരപരാധികളെ ബലിയാടാക്കരുത്. അറസ്റ്റുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ പൊതു സമൂഹം സമക്ഷം ബോധ്യപ്പെടുത്താനുള്ള ബാധ്യത നിയമപാലകര്‍ക്കും സര്‍ക്കാരിനുമുണ്ട്.

ഇത്രയും ഹീനമായ കൃത്യം ചെയ്ത കൊലയാളിയെ സംഭവം നടന്ന ഉടനെ പിടികൂടാന്‍ പറ്റാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. രാജ്യത്തിന്റെ ശ്രദ്ധ പെരുമ്പാവൂരിലെത്തിയ സാഹചര്യത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് പിടിച്ച് കേരളത്തിന്റെ ‘മാനം’ കാക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണം.

സീനിയര്‍ എഡിജിപിമാരെ തഴഞ്ഞ് ക്രമസമാധാന ചുമതലയില്‍ ജൂനിയറായ പത്മകുമാറിനെ സര്‍ക്കാര്‍ നിയമിച്ചത് സോളാര്‍ കേസിലെ ‘ഉപകാരസ്മരണ’യിലാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോപണവിധേയനായ ഈ ഉദ്യോഗസ്ഥന്റെ പെരുമ്പാവൂരിലെ സാന്നിധ്യം അന്വേഷണത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഇവിടെ ഐജിയെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രഖ്യപിച്ച് പിന്നീട് എഡിജിപിയോട് പെരുമ്പാവൂരില്‍ ക്യാംപ് ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം.

താങ്കള്‍ക്ക് എഡിജിപി സ്ഥലത്തുണ്ടായാലേ കാര്യങ്ങള്‍ നടക്കുവെന്നുണ്ടെങ്കില്‍ അദ്ദേഹത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കാമായിരുന്നല്ലോ?

ഐജിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായും സ്വതന്ത്രമായും നടത്തേണ്ട അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ മാത്രമേ എഡിജിപിയുടെ സാന്നിധ്യം ഉപകരിക്കുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

chennithala

സംസ്ഥാനത്തെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ ഉയരാത്ത തരത്തിലുള്ള ആരോപണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് എഡിജിപി പത്മകുമാര്‍.

ഇദ്ദേഹത്തിനെതിരായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ നല്‍കിയ പരാതി നിലവില്‍ സോളാര്‍ കമ്മീഷന്റെ പരിഗണനയിലാണ്.

മുന്‍പ് എറണാകുളം റേഞ്ച് ഐജിയായിരിക്കെ ഈ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത സരിതയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഏതാനും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന ഗുരുതരമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ഇദ്ദേഹത്തിന് റേഞ്ച് ഐജി സ്ഥാനത്ത് നിന്ന് സോണല്‍ എഡിജിപിയായി നിയമനം ലഭിച്ചതിന് പിന്നിലെ ‘താല്‍പര്യം’ സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് തന്നെ വ്യക്തവുമാണ്.

ജിഷയുടെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടാനും ജനങ്ങളുടെ ആശങ്കയകറ്റാനും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ് ഇപ്പോള്‍ ആവശ്യം.

ദളിത് കുടുംബത്തില്‍പ്പെട്ട ജിഷയുടെ അമ്മ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുന്‍പ് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി നടപടി സ്വീകരിക്കുകയും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഇത്തരമൊരു ആക്രമണം ഒരിക്കലും നടക്കില്ലായിരുന്നു.

ആവശ്യത്തിനും അനാവശ്യത്തിനും നിരവധി പേര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന ആഭ്യന്തരവകുപ്പിന് ജീവഭയം മുന്‍നിര്‍ത്തി കഴിയുന്ന സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാമായിരുന്നു.

കൊലപാതകം നടന്നതിന് ശേഷം മൃതദേഹം മാറ്റാന്‍ വൈകിയതും തിടുക്കപ്പെട്ട് ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതുമെല്ലാം പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഒരു മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയാണെന്ന വിവരവും ഞെട്ടിപ്പിക്കുന്നതാണ്.

ഇന്‍ക്വസ്റ്റ് നടത്തുന്ന പൊലീസിന് പൈശാചികമായി കീറിമുറിക്കപ്പെട്ട ജിഷയുടെ ശവശരീരം കണ്ടപ്പോള്‍ അതിന്റെ ഗൗരവം തോന്നിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെയടക്കം അറിയിച്ചില്ലെന്നും പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍.

വേണ്ടപ്പെട്ട എല്ലാവരെയും അറിയിച്ച് കൊലപാതകത്തിന്റെ ഗൗരവം പുറത്ത് അറിയിക്കാതെ ഒളിച്ച് കളിക്കുകയാണ് ലോക്കല്‍ പൊലീസ് ചെയ്തത്. ഇത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഭരണപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കരുതി മാത്രമാണ്.

അന്വേഷണ സംഘം തലവനെ മറികടന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന എഡിജിപി പത്രലേഖകരെയും ‘വഴി തിരിച്ച്’ വിടാനാണ് ശ്രമിക്കുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. അത്യന്തം ഹീനകരമായ കൊലപാതകം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടണം അതിന് ആരെയെങ്കിലും ‘ബലിയാടാക്കരുത്’ എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്.

ഇപ്പോള്‍ എഡിജിപിയുടെ ‘മേല്‍നോട്ടത്തില്‍’ നടക്കുന്ന അന്വേഷണം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചത് പോലെ ഒട്ടും വിശ്വാസ്യയോഗ്യമല്ല. ഉയര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം ജിഷ കൊലക്കേസ് അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഈ അന്വേഷണത്തെ സംശയത്തോടെ മാത്രമേ പൊതുസമൂഹത്തിന് കാണാന്‍ കഴിയു.

Team Express Kerala

Top