പെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞില്ല. ആലുവ പൊലീസ് ക്ലബില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് അമീറുളിനെ അറിയില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും വെളിപ്പെടുത്തിയത്.
ജിഷയുടെ അമ്മ അമീറുള്‍ ഇസ്‌ലാമിനെ തനിക്കറിയില്ലെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ജിഷയുടെ അമ്മ രാജേശ്വരിയും കൂട്ടാളിയും ചേര്‍ന്ന് തന്നെ കുളക്കടവില്‍ വെച്ച് ആക്രമിച്ചിട്ടുണ്ടെന്നാണ് അമീറുള്‍ ഇസ്‌ലാം മൊഴിനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ഇന്ന് രാവിലെ അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുശേഷം ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയെ അമീറിനെ അവിടെവച്ച് ചോദ്യം ചെയ്യല്‍ നടത്തി.
അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.