കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയാളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അമ്മ രാജേശ്വരിയുടെ മൊഴികള്‍ നിര്‍ണായകമാവും. മകള്‍ നഷ്ടപ്പെട്ട ദുഃഖത്തിനിടയില്‍ രാജേശ്വരിയുടെ വിശദമായ മൊഴിയെടുക്കുന്നതിലുള്ള കാലതാമസമാണു പ്രശ്‌നമെന്നു പൊലീസ് പറഞ്ഞു.
കൊലയാളിക്കായുള്ള അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷയുടെ ഏകസഹോദരി ദീപയുടെ മൊഴികള്‍ ഇന്നലെ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തി.
നേരത്തെ തയാറാക്കിയ 250 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണു ദീപയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജേശ്വരിയില്‍ നിന്നു വിശദമായ മൊഴിയെടുക്കാനാണു പരിപാടി.
ജിഷ കൊല്ലപ്പെട്ടതിനു ശേഷം വീട്ടില്‍ ആദ്യമെത്തിയതു രാജേശ്വരിയാണ്. സംഭവ ദിവസമായ ഏപ്രില്‍ 28 ഉച്ചയ്ക്കു മുന്‍പു പുറത്തുപോയ രാജേശ്വരി മടങ്ങിയെത്താന്‍ രാത്രി എട്ടുമണിയാകുമെന്ന് അറിയാവുന്നവരെ കണ്ടെത്താന്‍ പൊലീസിന് ഇവരുടെ സഹായം വേണം.
മൊബൈല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം ഈ കേസില്‍ പൊലീസിനു സഹായകരമായിട്ടില്ല. ജിഷയുടെ പിതാവ് പാപ്പുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാല്‍ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.
കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ നേരില്‍ കണ്ടതായി മൂന്ന് അയല്‍വാസികള്‍ കൂടി മൊഴി നല്‍കി. ഒരാള്‍ നേരത്തെ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. കൊലയാളിയെക്കുറിച്ചുള്ള നാലുപേരുടേയും വിവരണം സമാനമാണ്.
കൊലനടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകിയെന്ന പുതിയ വിവരവും പൊലീസിനു ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായി നനഞ്ഞിരുന്നു.
കൊലയാളി ജിഷയുടെ വീടും പരിസരവും വിട്ടുപോയതിനു ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും ശ്രദ്ധിച്ചിട്ടുമില്ല. ഇതില്‍ നിന്നു രണ്ടു സൂചനകളാണു പൊലീസിനു ലഭിക്കുന്നത്.
കൊലയാളി വസ്ത്രം മാറ്റിയാണു സ്ഥലം വിട്ടത്; അല്ലെങ്കില്‍ സമീപത്തെ ഏതെങ്കിലും വീടുകളിലേക്ക് അയാള്‍ കയറിപ്പോയി. ജിഷയുടെ വീട്ടിലെന്നതുപോലെ മറ്റൊരു അയല്‍വീട്ടിലും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാന്‍ സാധ്യതയുള്ള ഒരാളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
കൊലയാളിയുടെ സന്ദര്‍ശനം ആദ്യത്തേതല്ലെന്ന നിഗമനത്തിലാണു പൊലീസ്. കൊലയാളിയെ നേരില്‍ കണ്ട അയല്‍വാസികളുടെ വിവരണം ജിഷയുടെ മാതാവിനെ കേള്‍പ്പിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ജിഷയുടെ വീടിരിക്കുന്ന രായമംഗലം പഞ്ചായത്തിലെ മൂന്നു റസിഡന്റ്‌സ് അസോസിയേഷനിലെ 215 പുരുഷന്മാരുടെ വിരലടയാളങ്ങള്‍ ജില്ലാ ഫിംഗര്‍പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇന്നലെ ശേഖരിച്ചു.
ജിഷയുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള 150 കുടുംബങ്ങളിലെ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും വിവരങ്ങളാണു അന്വേഷണ സംഘം ശേഖരിച്ചത്. ഇതേത്തുടര്‍ന്നു മൂന്നു റസിഡന്റ്‌സ് അസോസിയേഷനുകളുടേയും പൊതുയോഗം വിളിച്ചു ചേര്‍ത്തു.
കൊലപാതകം സംബന്ധിച്ച് അയല്‍വാസികള്‍ക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും സംശയങ്ങളും പൊലീസിനു കൈമാറും. ഇന്നലെ സ്ഥലത്തില്ലാത്ത പുരുഷന്മാരുടെ വിരലടയാളങ്ങള്‍ പിന്നീട് രേഖപ്പെടുത്തും. സ്ഥലത്തുണ്ടായിരുന്നിട്ടും വിരലടയാളം നല്‍കാത്തവരുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു.