Jisha Murder Case; Narendra Modi slams State govt.

പാലക്കാട്: ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇവിടെ ഒരു സര്‍ക്കാരുണ്ടോ? ജിഷയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് മോദി ചോദിച്ചു.

പാലക്കാട് കോട്ട മൈതാനത്ത് ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയില്‍ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നു വരും. അതിന്റെ തെളിവാണ് പാലക്കാട്ടെ ജനക്കൂട്ടം.കേരളത്തില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ജനസാഗരം ആദ്യമായാണ് കാണുന്നത്. പാലക്കാടെന്നു പറയുന്നത് ഈ സംസ്ഥാനത്തേക്കുള്ള പടിവാതിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ അറിവും വിദ്യാഭ്യാസവും ഉള്ളവവരാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതിനു വേണ്ടി എത്രമാത്രം കള്ളത്തരങ്ങള്‍ കാണിക്കുന്നുവെന്ന് മനസിലാക്കുന്നില്ല.

ചരിത്രം പരിശോധിച്ചാല്‍ 5 വര്‍ഷം കോണ്‍ഗ്രസും 5 വര്‍ഷും കമ്മ്യൂണിസ്റ്റ് മന്ത്രി സഭയും പരസ്പരം സഹകരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. നിയമസഭയില്‍ ഒരു വിധത്തിലുള്ള നിയന്ത്രണവും ഇല്ലാതെ പോയിരിക്കുന്നു.കേരളത്തെ രക്ഷിക്കണമെങ്കില്‍ മൂന്നാം ശക്തിയായി ബിജെപിയെ വളര്‍ത്തേണ്ടിയിരിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ അമര്‍ത്തിയിരിക്കുന്നു. വിദ്യാഭ്യാസമുള്ളവരെ ആദരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. എന്നാല്‍ കോളേജ് പ്രിന്‍സിപ്പലിന് ശവപ്പെട്ടി പണിത ഇടതു വിദ്യാര്‍ത്ഥി സംഘടനക്ക് നിങ്ങള്‍ മാപ്പു കൊടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

അക്രമത്തിന്റെ ഭാഷയാണ് കമ്മ്യൂണിസ്റ്റ്കാര്‍ക്ക്. ആശയപരമായി ഏറ്റുമുട്ടാന്‍ സാധിക്കാത്തതിനാല്‍ അവര്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നു.

ഇന്ന് ഡല്‍ഹിയിലിരിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്, നന്മയുടെ സര്‍ക്കാരാണ്. ഈ നാട്ടിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് ഉറങ്ങാന്‍ പറ്റില്ല.ഭീകരര്‍ തട്ടിക്കൊണ്ടു പോയ നഴ്‌സുമാരെ ഉറക്കമില്ലാതെ പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. യെമനിലും ലിബിയയിലുമടക്കം കുടുങ്ങിയ മലയാളികളെ കേന്ദ്രം സുരക്ഷിതമായി തിരിച്ചെത്തിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ പോയ സമയത്ത് അവിടുത്തെ ലേബര്‍ ക്യാമ്പുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. അവിടെ ബഹുഭൂരിപക്ഷവും കേരളീയരായിരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി സാധാരണക്കാരായ അവരെ സന്ദര്‍ശിച്ചത് അവര്‍ക്ക് അദ്ഭുതമായിരുന്നു.

പരവൂരിലെ വെടിക്കെട്ടപകടത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍മാരുമായി ഞാന്‍ എത്തിച്ചേര്‍ന്നു. ജനങ്ങളെ സേവിക്കാനായിരുന്നു അത്. കേരളത്തിനു വേണ്ടി എന്തും ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. പാര്‍ലമെന്റില്‍ രണ്ട് എംപിമാരെ നോമിനേറ്റ് ചെയ്തു.ചലച്ചിത്ര താരം സുരേഷ് ഗോപി, റിച്ചാര്‍ഡ് ഗേ എന്നിവര്‍ക്ക് നല്‍കിയ രാജ്യസഭാംഗത്വം കേരളത്തോട് കേന്ദ്ര സര്‍ക്കാരിനുള്ള പരിഗണനയുടെ തെളിവാണെന്നും മോദി അവകാശപ്പെട്ടു.

പാലക്കാടെന്നു പറയുന്നത് കേരളത്തിന്റെ നെല്ലറയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പാലക്കാടെ കര്‍ഷകരുടെ ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ആധുനികവല്‍ക്കരണത്തിന് തയ്യാറായില്ല. അതിനാലാണ് ഇവിടെ കൃഷി നശിക്കുന്നത്.

കേരളത്തിലെ ചെറുപ്പക്കാര്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും പോകേണ്ട അവസ്ഥ വന്നു. എന്തുകൊണ്ട് ഇവിടെ വ്യവസായങ്ങള്‍ തുടങ്ങുവാനും ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കാനും സാധിക്കുന്നില്ല. കേരളത്തെ സംബന്ധിച്ച് വളരെ സാധ്യതകളുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ സോളാര്‍ ഊര്‍ജ്ജമുപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഇവിടെ സോളര്‍ ഉപയോഗിച്ച് മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണെന്നും മോദി പരിഹസിച്ചു.കേരളത്തില്‍ വന്ന് സോളാര്‍ എന്നു പറയാന്‍ പേടിയാണെന്നും മോദി പറഞ്ഞു.

പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയ മോദി, അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പാലക്കാട്ട് എത്തിയത്. ഞായറാഴ്ച കാസര്‍കോട്, കുട്ടനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെത്തുന്ന മോദി 11 ന് തൃപ്പൂണിത്തുറയിലും പ്രസംഗിക്കും.

Top