പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. സംഭവത്തിന് മറ്റൊരു മാനം കൊടുക്കരുത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തന്നെ എല്ലാ തലങ്ങളിലും നിയമനടപടികള്‍ ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ തടയാന്‍ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധക്കാര്‍ ഗോ ബാക് വിളിച്ചു. മുഖ്യമന്ത്രി സംരക്ഷണം ഒരുക്കാന്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു. ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം ബെന്നി ബെഹനാന്‍ എം.എല്‍.എയും പെരുമ്പാവൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പള്ളിയും ജിഷയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.