ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഇടപെടാമെന്ന് രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അറിയിച്ചു. സംഭവത്തെ പാര്‍ലമെന്റ് ഒന്നടങ്കം അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന് ബിജെപിയും സിപിഐഎമ്മും പറഞ്ഞു. ദളിതരെ സംരക്ഷിക്കുന്നതില് സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് പൊലീസ് പിടികൂടിയ ജിഷയുടെ അയല്‍വാസിയെ പെരുമ്പാവൂരിലെ രഹസ്യ സങ്കേതത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇതിനിടെ പ്രതിയെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നിട്ടില്ലന്ന് ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നിരവധി പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.