Jisha Murder case – police custody – two people

എറണാകുളം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊലചെയ്ത കേസില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍.

ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്. ഇരുവരെയും ഇന്നലെ രാത്രി ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തു.

വീടുപണിക്കായി വന്നയാള്‍ ഫിബ്രവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ജിഷയുടെ അമ്മയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കേന്ദ്ര പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പൂനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകളുടെ നല്ല ഭാവിക്കായി മാത്രമാണ് അവര്‍ ജീവിച്ചത്. എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും മകളുടെ ഭാവിയിലായിരുന്നു. അവര്‍ ആകെ തകര്‍ന്നിരിക്കുകയാണ്. നല്ല ചികിത്സയാണ് ഇപ്പോള്‍ ആവശ്യം. അദ്ദേഹം അറിയിച്ചു.

Top