Jisha murder case; police identified the weapon

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്താന്‍ പ്രതി അമീറുല്‍ ഇസ്‌ലാം ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന. കൊല നടന്ന മൂന്നാം ദിവസം ജിഷയുടെ വീടിനു പിന്നില്‍നിന്നും ലഭിച്ച കത്തിയുടെ പിടിയില്‍ രക്തക്കറ കണ്ടെത്തി.

ഫൊറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയിരുന്നില്ല. ആവര്‍ത്തിച്ചുള്ള പരിശോധനയിലാണ് രക്തം കണ്ടെത്തിയത്. ഈ കത്തി ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

അമീറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു.

കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം, അമീറിനെ ഇന്നു രാവിലെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുമായി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തി അന്വേഷണസംഘം തെളിവെടുത്തു. വീടിനു സമീപപ്രദേശങ്ങളിലും കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി.

അമീര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങള്‍ തിങ്ങി കൂടിയതിനാല്‍ ലോഡ്ജിനുള്ളില്‍ കയറിയില്ല. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

Top