കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനാര്‍ ഉള്ളിനായി അസമില്‍ അന്വേഷണം.
കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണ് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുല്‍ മദ്യപിച്ചിരുന്നു. രണ്ടാമത് മദ്യപിക്കുമ്പോള്‍ ഈ സുഹൃത്ത് കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് മുന്‍പ് കുളിക്കടവില്‍ ഉണ്ടായ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെടുകയായിരുന്നു.
സുഹൃത്തിന്റെ വാക്കുകള്‍ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നാണ് സൂചന. കൊല നടന്നതിന്റെ അടുത്ത ദിവസം തന്നെ അനാര്‍ ഉള്‍ അസമിലേക്ക് കടന്നുവെന്നാണ് വിവരം.
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കേരള പൊലീസ് സംഘം അസമിലെത്തിയിട്ടുണ്ട്.
അതേസമയം, പ്രതി അമീറുല്‍ ഇസ്‌ലാമിന് കൊല്ലപ്പെട്ട ജിഷയുടെ പേര് പരാമര്‍ശിച്ചില്ല. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പെണ്ണ് എന്നാണ് അമീറുല്‍ പറഞ്ഞത്. കേരളത്തിലുള്ള സഹോദരനെപ്പറ്റി ചോദ്യം ചെയ്യലില്‍ പരാമര്‍ശിച്ചില്ല.
എന്നാല്‍, അസമിലുള്ള ബന്ധുക്കളെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നാളെ നടന്നേക്കും.
കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ: വി. ഗോപകുമാര്‍, വി.എം. അനസ്, അനില്‍കുമാര്‍ എന്നിവരുടെ സംഘമാണ് അസമില്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക സാക്ഷികളെ ബര്‍ദ്വായില്‍നിന്നു കിട്ടുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്.
കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നല്‍കിയത്.