Jisha murder case; Police submitted incomplete charge sheet

കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളുമില്ല,സംഭവ സ്ഥലത്ത് കണ്ടെത്തിയ മൂന്നാമത്തെയാളുടെ വിരലടയാളം സംബന്ധിച്ച കണ്ടെത്തലുകളുമില്ല.

527 പേരുടെ മൊഴിയും 195 സാക്ഷികളും 75 തൊണ്ടിമുതലുമടക്കം ആയിരത്തഞ്ഞൂറോളം പേജ് വരുന്ന കുറ്റപത്രമാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ സംഘത്തിന് വേണ്ടി എസ്പി എന്‍ ശശിധരന്‍ സമര്‍പ്പിച്ചത്.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിലെ കുറ്റപത്രം 90 ദിവസത്തിന് ശേഷമാണ് സമര്‍പ്പിച്ചത്.

കൊല നടന്ന നാള്‍ മുതല്‍ ഇന്നുവരെ ഇതുസംബന്ധമായ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താതെയിരുന്ന പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷവും പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരിക്കുന്നത്.

ജിഷയുടെയും പ്രതി അമീറുള്‍ ഇസ്ലാമിന്റെയും വിരലടയാളത്തിന് പുറമെ മൂന്നാമതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ വിരലടയാളം ആരുടേതാണെന്ന ചോദ്യത്തിന് കുറ്റപത്രത്തില്‍ വ്യക്തമായ ഉത്തരമില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇതുസംബന്ധമായ ചോദ്യത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി ഒഴിഞ്ഞ് മാറുകയും ചെയ്തു.

അമീറുള്‍ ഇസ്ലാമിനെ ‘പ്രകോപിപ്പിച്ച’ അടുത്ത സുഹൃത്തിനെക്കുറിച്ച് നേരത്തെ പൊലീസിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ക്ക് ഘടക വിരുദ്ധമാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍.

പ്രതി അമീറുള്‍ ഇസ്ലാം മാത്രമാണെന്നാണ് പരാമര്‍ശം. സുഹൃത്ത് അനാറുളിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. മാത്രമല്ല സംഭവ ദിവസം പ്രതി ധരിച്ചിരുന്ന മഞ്ഞ ഷര്‍ട്ടും കണ്ടെത്തിയിട്ടില്ല.

പൊലീസ് ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് പുറത്ത് വിട്ട ചുരുളന്‍ മുടിയുള്ള പ്രതിയുടെ രേഖാ ചിത്രത്തോട് ഒരു സാമ്യവുമില്ലാത്തയാളാണ് അമീറുള്‍ ഇസ്ലാമെന്നതും വിചാരണ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.

കൊലപാതകത്തിന് പ്രേരണയായതായി പൊലീസ് മുന്‍പ് അനൗദ്യോഗികമായി പറഞ്ഞിരുന്നത് കുളിക്കടവിലെ കളിയാക്കലാണെന്നായിരുന്നു. ഈ സംഭവം അനാറുളുമൊത്ത് മദ്യപിച്ചിരുന്നപ്പോള്‍ ചര്‍ച്ചയാവുകയും അനാറുള്‍ പ്രകോപിപ്പിച്ചതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമായിരുന്നു പുറത്ത് വന്ന വിവരം.
അങ്ങിനെയാണെങ്കില്‍ കൊലപാതക പ്രേരണക്കുറ്റത്തിന് അനാറുള്‍ സ്വാഭാവികമായും പ്രതിയാകേണ്ടതാണ്. പക്ഷേ ഇവിടെ അതുമുണ്ടായിട്ടില്ല.

ഇക്കാര്യത്തില്‍ പ്രതിയുടെ വാദം മുഖവിലക്കെടുക്കാത്ത പൊലീസ് നടപടി സംശയകരമാണ്. വിചാരണക്കോടതിയില്‍ അനാറുളിന്റെ പങ്ക് അമിറുള്‍ ഇസ്ലാം തുറന്ന് പറഞ്ഞാല്‍ പ്രതിയാകുമെന്ന് ഉറപ്പാണ്. അനാറുളിനെ പിടികിട്ടാത്തതിനാല്‍ കുളിക്കടവിലെ സംഭവം നടന്നിട്ടേയില്ലെന്ന എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതും വിചാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.

കൊലക്ക് ഉപയോഗിച്ച കത്തി അനാറുളിന്റെ താമസസ്ഥലത്ത് നിന്നും കണ്ടെത്തിയതാണെന്നതും അതീവ ഗൗരവകരമായ കാര്യമാണ്.അമീറുള്‍ ഇസ്ലാമിനെ തമിഴ്‌നാട്ടില്‍ വെച്ച് സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനാറിന്റെ പൊടിപോലും ഇതുവരെ കണ്ടെത്താത്തതെന്തെന്ന ചോദ്യത്തിന് മുന്നില്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.

ഇതിന് പുറമെയാണ് കൊലപാതകത്തിന്റെ ‘കാരണം’ സംബന്ധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ വെളിപ്പെടുത്തലുകളും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പരാമര്‍ശം. ജിഷയുടെയും അമിറൂള്‍ ഇസ്ലാമിന്റെയും ഡിഎന്‍എ തെളിവുകളടക്കമുള്ളവ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ടെങ്കിലും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഈ തെളിവുകള്‍ മാത്രം പര്യാപ്തമാവുമോ എന്നതാണ് ഇനി അറിയാനുള്ളത്.

കൃത്യം കഴിഞ്ഞ് മടങ്ങിയ അമിറുളിനെ കണ്ട ഒരു സ്ത്രീയെയാണ് പ്രധാന സാക്ഷിയാക്കിയിരിക്കുന്നത്.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ സൗമ്യ കേസില്‍ വാദിച്ച ബി എ ആളൂരിനെ പോലെയുള്ള അഭിഭാഷകര്‍ പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ചോദ്യം ചെയ്താല്‍ അത് അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.

Top