കൊച്ചി: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകം നടന്ന് 40 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പുന്ന പൊലീസിന്റെ ‘മണ്ടത്തരത്തില്‍’ ബലിയാടാവുന്നത് നിരപരാധികള്‍.
അന്വേഷണ സംഘം ഏറ്റവും ഒടുവില്‍ വരപ്പിച്ച രേഖാചിത്രം പുറത്ത് വിട്ടതോടെ ജീവിത്തിലെ അഗ്നിപരീക്ഷണം നേരിട്ടത് ഒരു പറ്റം പാവം യുവാക്കളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് തസ്ലീക് കെ വൈ എന്ന യുവാവാണ്.
കൊലയാളിയുടെ ചിത്രമെന്ന നിലയില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഈ യുവാവിനോട് സാദൃശ്യമുള്ള ചിത്രമാണ്. ഇത് ഈ യുവാവിന്റെ ജീവിതം തന്നെയാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.
ഒരു അഭിനേതാവാകണം എന്ന് ആഗ്രഹിച്ച തസ്ലീകിനെ അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സിനിമയില്‍ നിന്നും ഒഴിവാക്കിയാണ് ചലച്ചിത്രമേഖല തങ്ങളുടെ ‘സാമൂഹിക പ്രതിബദ്ധത’ കാട്ടിയത്.
കുടുംബവും കുട്ടിയുമുള്ള താന്‍ അഷ്ടിക്ക് വക തേടി മറ്റ് ജോലികള്‍ക്ക് പോയിരുന്നതും ഇപ്പോള്‍ നിലച്ച മട്ടാണെന്ന് കൂടി വ്യക്തമാക്കി തസ്ലീക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിലെ വരികള്‍ ആരുടെയും കരളലിയിക്കുന്നതാണ്.
‘ചിലര്‍ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവണേ… എന്ന് പോലും മുഖപുസ്തകത്തിലിരുന്ന് പ്രാര്‍ത്ഥിച്ചവരുണ്ട് എന്ന് ചില കമന്റുകളിലൂടെ വായിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ.. ഇതെന്റെ നഷ്ടങ്ങളുടെ ആരംഭമാണ്’ തസ്ലീക് പോസ്റ്റില്‍ കുറിച്ചു.
ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്ന ഈ പോസ്റ്റ് ജിഷ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
അന്വേഷണ രംഗത്ത് കേസ് തെളിയിക്കാന്‍ പലപ്പോഴും രേഖാചിത്രങ്ങള്‍ പൊലീസിന് സഹായകരമാവാറുണ്ടെങ്കിലും ജിഷ കൊലക്കേസ് പോലെ കിരാതമായ ഒരു കൊലപാതകക്കേസിലെ പ്രതിയെന്ന രൂപത്തില്‍ പുറത്തു വിടുന്ന ചിത്രം സമൂഹത്തിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതം അന്വേഷണ സംഘം പരിഗണിച്ചില്ല എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
ജിഷ കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നവരോട് പോലും സമൂഹം വൈകാരികമായി പ്രതികരിക്കുമെന്നും ഇത് സംശയിക്കപ്പെടുന്ന വ്യക്തിയുടെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നില തന്നെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം അന്വേഷണ സംഘം കാണാതെ പോയി.
കൃത്യമായ നിഗമനത്തോടെയല്ല രേഖാചിത്രം തയ്യാറാക്കുന്നതെന്ന് അന്വേഷണസംഘത്തിന്റെ നടപടിയില്‍ നിന്നുതന്നെ വ്യക്തമാണ്. പ്രതിയെന്ന് സംശയിക്കുന്നവരുടെ വ്യത്യസ്ത ചിത്രങ്ങളാണ് ഇതിനകം പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടത് ഭരണം വരുന്നതിനു മുമ്പ് അന്വേഷണ സംഘത്തെ കളിയാക്കി പറഞ്ഞപോലെ ”പടം വരച്ച് കേസ് തെളിയിക്കാനാണെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നല്ലോ” എന്ന ചോദ്യമാണ് ഇപ്പോള്‍ ഇവിടെ പ്രസക്തമാകുന്നത്.
ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരപ്രകാരം പുതിയ രേഖാചിത്രം പുറത്ത് വന്നതോടെ ചുരുണ്ട മുടിയും മഞ്ഞഷര്‍ട്ടുമുള്ള സകല യുവാക്കളും വെട്ടിലായിരിക്കുകയാണ്.