ജിഷ വധക്കേസ് ; പ്രതി അമീറുല്‍ ഇസ് ലാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി

jisha mother

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി.

മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ലെന്നും, കോടതി വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.

ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തതെന്നും, തന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നും, ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ഇന്നറിയാം.

അറസ്റ്റിലായി ഒരു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെരുമ്പാവൂരിലെ തൊഴിലാളിയും അസം നാഗോണ്‍ സ്വദേശിയുമായ അമീറുല്‍ ഇസ്ലാമാണ് (24) കേസില്‍ വിചാരണനേരിട്ട ഏക പ്രതി.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചുകടക്കുക), ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ നടത്തിയത്.

രാവിലെ 11ന് ശേഷമാകും വിധിപ്രസ്താവം.

അതേസമയം, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.

Top