Jisha Murder Case; The strategic move of two police officers make the twist

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയത് രണ്ട് ഡി.വൈ.എസ്.പി മാരുടെ തന്ത്രപരമായ നീക്കം

പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി മാരായ സുദര്‍ശന്‍, സോജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനാണ് പ്രതിയെ കുരുക്കാന്‍ സഹായകരമായത്.

ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ചെരിപ്പ് തന്നെയാണ് ഇവിടെയും വഴിതിരിവായത്.

പ്രതിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി 25 ലക്ഷം മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇത് ജിഷയുടെ വീട് ഉള്‍പ്പെടുന്ന ടവറിന്റെ അധികാര പരിധിയില്‍ പിന്നീട് 150 പേരില്‍ ചുരുക്കി. ഇതില്‍ 20 പേര്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു.ഈ നമ്പറുകള്‍ വിശദമായ പരിശോധനക്കാണ് അന്വേഷണ സംഘം വിധേയമാക്കിയത്. സ്വിച്ച് ഓഫില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയായിരുന്നു അടുത്ത നീക്കം. അവസാനമായി ഈ നമ്പറില്‍ നിന്ന് പോയ കോളുകള്‍ തേടിയുള്ള യാത്രയാണ് വഴിത്തിരിവായത്.

തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സുദര്‍ശനന്റെയും സോജന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി അമിയുറിന്റെ സുഹൃത്തായ തൊഴിലാളിയിലേക്ക് എത്തിച്ചേരുകയായിരുന്നു.

നേരത്തെ പൊലീസിന് മുന്നില്‍ വെളിപ്പെടുത്താതിരുന്ന രഹസ്യം ഈ അന്യസംസ്ഥാന തൊഴിലാളി ഡി.വൈ.എസ്.പി മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അമിയൂര്‍ രാത്രി മുങ്ങിയ വിവരം ഈ തൊഴിലാളിയാണ് പൊലീസിനോട് പറഞ്ഞത്.

സംശയ നിവാരണത്തിനായി കാണിച്ച ചെരിപ്പ് അമിയൂറിന്റെയാണെന്ന് സുഹൃത്ത് തുറന്ന് പറഞ്ഞതോടെ പൊലീസ് പ്രതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുപോലും ഈ രഹസ്യ നീക്കം ആദ്യഘട്ടത്തില്‍ അറിവുണ്ടായിരുന്നില്ലത്രെ.

പ്രതി അനവധി സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വന്നിരുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ആയിരുന്നെങ്കിലും കൂടുതലായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി കാഞ്ചീപുരത്ത് കാര്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു.

തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്ന് അമിയൂറിന്റെ സുഹൃത്തിനെയും കൂട്ടി ഡിവൈഎസ്പിമാരുടെ സംഘം കാഞ്ചീപുരത്തേക്ക് തിരിക്കുകയായിരുന്നു.

കാര്‍ നിര്‍മ്മാണ സാധന സാമഗ്രികള്‍ ഉണ്ടാക്കുന്ന നിരവധി ഫാക്ടറികള്‍ കാഞ്ചീപുരത്തുണ്ട്. ഇത് അന്വേഷണ സംഘത്തെ ഏറെ വലച്ചെങ്കിലും സോജന്റെയും സുദര്‍ശന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറിയാവുന്ന സുഹൃത്തിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

വേഷംമാറി പൊലീസ് ടീം നടത്തിയ പരിശോധനയില്‍ കാറിന്റെ ബംപര്‍ ഉണ്ടാക്കുന്ന കമ്പനി പരിസരത്ത് നിന്നാണ് അമിയൂറിനെ പിടികൂടിയത്. ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇവനെ പൊലീസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് തിരിച്ചറിഞ്ഞത്. നേരത്തെ വരച്ച രേഖാചിത്രവുമായും ഇയാള്‍ക്ക് സാമ്യമുണ്ടായിരുന്നു. ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പെട്ടെന്ന് തന്നെ അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. ഇതിന് ശേഷം നേരത്തെ ചെരിപ്പില്‍ കണ്ടെത്തിയ രക്തം അമിയൂറിന്റെ തന്നെയാണെന്ന് വിദഗ്ധ പരിശോധനയില്‍ സ്ഥിരികരിക്കപ്പെടുകയായിരുന്നു.

കാഞ്ചിപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് സ്ഥിരീകരിക്കാതെ പാലക്കാട് വെച്ചാണ് പിടികൂടിയതെന്ന വിവരം പുറത്ത് വിട്ടത് നിയമപരമായ പ്രശ്‌നങ്ങള്‍ മറികടക്കാനാണെന്നാണ് സൂചന.

അയല്‍ സംസ്ഥാനത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്താല്‍ അവിടുത്തെ കോടതിയില്‍ ഹാജരാക്കേണ്ടതടക്കമുള്ള നിയമപരമായ ചില ‘കടമ്പകളുണ്ട്’.

കേരളത്തിലെത്തിച്ച പ്രതി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയാണുണ്ടായത്.

കേരള പൊലീസിന് മാനക്കേടായ വിവാദ സംഭവത്തിലെ അമ്പത് ദിവസത്തിന് ശേഷമെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് കാക്കിപ്പടക്കും സര്‍ക്കാരിനും ഇപ്പോള്‍ ആശ്വാസമായിരിക്കുകയാണ്.

എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഈ രണ്ട് ഡി.വൈ.എസ്.പി മാരും അവരുടെ കീഴിലെ ഏതാനും ചില സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് കേരള പൊലീസിന്റെ അഭിമാനം കാത്തത്.

ജിഷ കൊലക്കേസ് അന്വേഷണത്തിന്റെ നാള്‍വഴികള്‍

രാജ്യമന:സാക്ഷിയെ ഞെട്ടിച്ചാണ് പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ഥി ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ പൊലിസും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ കൊലപാതകം നടന്ന് അമ്പതാം ദിവസത്തിലാണ് പ്രതിയെ പിടികൂടിയ വാര്‍ത്ത കേള്‍ക്കാനായത്.

28-04-2016 പെരുമ്പാവൂര്‍ ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തി. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

01-05-2016 ആദ്യഘട്ടത്തില്‍ തന്നെ ഇതരസംസ്ഥാന തൊഴിലാളികളിലേക്കാണ് അന്വേഷണം പോയിരുന്നത്. ഇതിന്റെ ഭാഗമായി ജിഷയുടെ വീടിനടുത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു.

02-05-2016 വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

02-05-2016 കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം. അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവിന്.

03-05-2016 ജിഷയുടെ വീടിന്റെ പരിസരവും പുതിയ വീടു പണിയുന്ന സ്ഥലവും പൊലീസ് പരിശോധിച്ചു. കനാലിന്റെ പരിസരത്തുനിന്ന് ഒരു ജോഡി ചെരുപ്പ് കണ്ടെത്തി. ഈ ചെരുപ്പാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

04-05-2016 പ്രതികളെന്ന പേരില്‍ രണ്ടു പേരെ മുഖംമറച്ച് പൊലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നത് വിവാദമായി. ഇത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആരോപണമുണ്ടായി.

05-05-2016 പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. അന്വേഷണസംഘം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.സി ജിജിമോനെ ഏല്‍പ്പിച്ചു.

05-05-2016 അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്.

06-05-2016 250 ലധികം പേരെ ചോദ്യം ചെയ്തതായി പൊലിസ്. ആസൂത്രിത കൊലപാതകമെന്ന് എ.ഡി.ജി.പി പത്മകുമാര്‍.

07-05-2016 പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാറാക്കി.

17-05-2016 തെളിവ് സംരക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസിറ്റിസ് കെ നാരായണ കുറുപ്പ്.

25-05-2016 അന്വേഷണം എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു വിടാന്‍ പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തീരുമാനം.

26-05-2016 എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ചുമതലയേറ്റു.

02-06-2016 പ്രദേശവാസികള്‍ നല്‍കിയ സൂചനകള്‍വച്ച് കൊലയാളിയെന്നു സംശയിക്കുന്നതായാളുടെ പുതിയ രേഖാചിത്രം പൊലീസ് തയ്യാറാക്കി.

04-06-2016 ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തി.

06-06-2016 ഫോണ്‍കോള്‍ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജിഷയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

07-06-2016 പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൗണില്‍ പൊലീസ് മൂന്ന് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചു.

09-06-2016 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി ജിഷയുടെ അച്ഛന്റെ പരാതി.

10-06-2016 വീടിനടുത്തുള്ള കിസാന്‍കേന്ദ്രയില്‍ നിന്ന് കൊലയാളിയെന്നു സംശയിക്കുന്നതായാളുടെ ദൃശ്യങ്ങള്‍ കിട്ടി. അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top