പെരുമ്പാവൂര്‍ : ജിഷ കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കേസന്വേഷിച്ച രണ്ടു സംഘങ്ങളും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പരാതിയിലാണ് വിജിലന്‍സിന്റെ കൊച്ചി ടീം അന്വേഷണം നടത്തുന്നത്.
ജിഷയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി സംഘം വിവരങ്ങള്‍ ശേഖരിച്ചു.
ജിഷയുടെ ദേഹത്തുകണ്ട കടിയുടെ പാടുകളാണ് വിജിലന്‍സിനെ വലയ്ക്കുന്നത്. ജിഷയുടെ ശരീരത്തില്‍ നിരവധി കടികള്‍ ഏറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനക്കാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പോന്ന തെളിവുകളായിരുന്നു ഇത്. കടിയേറ്റ ശരീരഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സമയത്ത് എടുക്കുകയും അത് ആദ്യ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.
കടിയേറ്റപാടുകള്‍ വിശകലനം ചെയ്ത പൊലീസ് മുന്‍നിരയിലെ പല്ലുകള്‍ തമ്മില്‍ വിടവുള്ള ആളാണ് കൊലപാതകി എന്ന നിഗമനത്തിലെത്തി. പിന്നെ ഇതിന്റെ പശ്ചാത്തലത്തിലായി അന്വേഷണം.
നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ പുതിയ അന്വേഷണ സംഘം ഇതിനെ കാര്യമായി പരിഗണിച്ചില്ല. ഒടുവില്‍ പ്രതി പിടിയിലായി. അറസ്റ്റിലായ അമീറിന്റെ പല്ലുകള്‍ തമ്മില്‍ വിടവില്ല. എങ്കിലും ഡിഎന്‍എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി അമീര്‍ ആണെന്ന് സ്ഥിരീകരിച്ചു.
കേസന്വേഷണം കൃത്യമായി നടന്നില്ല എന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ആലപ്പുഴയിലെത്തിയ വിജിലന്‍സ് എസ്പി ഫൊറന്‍സിക് വിദഗ്ധരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പ്രതിയുടെ പല്ലിന് വിടവുണ്ടോ ഇല്ലയോ എന്നത് ദന്തക്ഷതങ്ങള്‍ പരിശോധിക്കുന്ന ഓഡന്റോളജിസ്റ്റിന് മാത്രമേ പറയാനാകൂ എന്നാണ് ഫൊറനന്‍സിക് വിശദീകരണം.
അതേസമയം, പ്രതി അമീര്‍ ആണെന്നതില്‍ പൊലീസിനോ വിജിലന്‍സിനോ തര്‍ക്കമില്ല. എന്നാല്‍ അന്വേഷണ സംഘം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുമ്പോള്‍ ചില അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കേസ് കോടതിയിലെത്തുമ്പോള്‍ പ്രതിഭാഗം ഇതിനെ ആയുധമാക്കും. കേസ് ദുര്‍ബലമാകാന്‍ ഇത് കാരണമാവുകയും ചെയ്യും. അതിനാലാണ് പഴുതടച്ചുള്ള നീക്കത്തിന് വിജിലന്‍സ് ശ്രമിക്കുന്നത്.