കോഴിക്കോട്: ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ ഒരുമയോടെ നില്‍ക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജിഷയുടെ കുടുംബത്തിന് പരമാവധി പിന്തുണയും ആശ്വാസവും നല്‍കുകയെന്നതാണ് കേരളീയരായ നാം ഓരോരുത്തരുടേയും ചുമതല.
ഇത്തരം സംഭവങ്ങള്‍ ഇനി കേരള സമൂഹത്തില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പാണ് നാം സമൂഹത്തിനു നല്‍കേണ്ടതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
നാടിനെ നടുക്കിയ ജിഷയുടെ കൊലപാതകം കേരളത്തിന്റെ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. തെരഞ്ഞെടുപ്പ് പര്യടനം വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി, ഹതഭാഗ്യമായ ആ പെണ്‍കുട്ടിയുടെ അമ്മയെ കാണാനും അവരെ സമാശ്വസിപ്പിക്കാനും അവരുടെ അണപൊട്ടിയൊഴികുന്ന ദുഃഖത്തില്‍ പങ്കുചേരാനും എനിക്കു കഴിഞ്ഞു. ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ സര്‍ക്കാര്‍ ജോലി കൊടുക്കാനും 10 ലക്ഷം രൂപ അവരുടെ കുടുംബത്തിന് ആശ്വാസമായി നല്‍കാനും അടിയന്തരമായി തീരുമാനിച്ചിട്ടുണ്ട്. ആ കുടുംബത്തെ ഏറ്റെടുക്കുമെന്ന് കെ.പി.സി.സിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ കുടുംബത്തിന്റെ പിന്നോക്കാവസ്ഥയും ദരിദ്രാവസ്ഥയും 201415ല്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ കുടുംബത്തിന് വീടുവെനുള്ള ഭൂമി വാങ്ങുന്നതിനായി മൂന്നേമുക്കാല്‍ ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ അഞ്ച് സെന്റ് സ്ഥലവും അവര്‍ വാങ്ങിയിരുന്നു. ഇവിടെ വീട് വെക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കി മൂന്നു ലക്ഷം രൂപ വേറെയും അനുവദിച്ചു.
ഒറ്റപ്പെട്ട ഈ സംഭവത്തെ ഒരു സാമൂഹ്യ വിപത്തായി കണ്ട് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആ കുടുംബത്തിന് പരമാവധി പിന്തുണയും ആശ്വാസവും നല്‍കുകയെന്നതാണ് കേരളീയരായ നാം ഓരോരുത്തരുടേയും ചുമതല. ഇത്തരം സംഭവങ്ങള്‍ ഇനി കേരള സമൂഹത്തില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പാണ് നാം സമൂഹത്തിനു നല്‍കേണ്ടത്.
സൗമ്യയെന്ന പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കണ്ടെത്തി. പ്രതിയായ ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിനു കഴിഞ്ഞു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ നിസാമിന് പഴുതടച്ച അന്വേഷണത്തിലൂടെ ഇരട്ട ജീവപര്യന്തം വാങ്ങിക്കൊടുത്തതും യു.ഡി.എഫ്. സര്‍ക്കാരാണ്. ആറ്റിങ്ങലില്‍ നടന്ന നിഷ്ഠൂരമായ ഇരട്ടക്കൊലയിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി, വധശിക്ഷയും ജീവപര്യന്തവും വാങ്ങി കൊടുക്കാനുള്ള ഇച്ഛാശക്തിയും ഈ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രകടിപ്പിച്ചു.
ഇത്തരത്തില്‍ ദാരുണമായൊരു സംഭവം ഉണ്ടായപ്പോള്‍, ആ കുടുംബത്തെ ആശ്വസിപ്പിക്കാനും പൊലീസ് അന്വേഷണത്തെ ഏകോപിപ്പിക്കാനുമായി സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രിയെ ഒരു സംഘം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ശ്രീ രമേശ് ചെന്നിത്തല കാണിച്ച സംയമനം വലിയൊരു സംഘര്‍ഷാവസ്ഥയാണ് ഒഴിവാക്കിയത്. സ്തുത്യര്‍ഹമായ, പഴുതടച്ചുള്ള അന്വേഷണമാണ് കേരളാ പൊലീസ് നടത്തുന്നത്. ഇതിന് ശ്രീ. രമേശ് ചെന്നിത്തല സൂക്ഷമതയോടെയുള്ള മേല്‍നോട്ടമാണ് വഹിക്കുന്നത്.
അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടവും മാധ്യമങ്ങളെ അറിയിക്കുകയെന്നത് അന്വേഷണത്തെ ബാധിക്കുന്ന കാര്യമാണ്. വസ്തുതകള്‍ ഇതാണെന്നിരിക്കേ തെരഞ്ഞെടുപ്പ് മുനില്‍ക്കണ്ട് ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കാനും പൊലീസിന്റെ മനോവീര്യം കെടുത്താനും മാത്രമേ ഉപകരിക്കൂ. പ്രതിപക്ഷ നേതാവിനെയും കുമ്മനം രാജശേഖരനേയും കോടിയേരി ബാലകൃഷ്ണനേയും പോലെയുള്ള ഇരുത്തംവന്ന രാഷ്ട്രീയ നേതാക്കളില്‍നിന്നും ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയമായി കൂടുതല്‍ പക്വതയുള്ള നിലപാടുകള്‍ പ്രതീക്ഷിക്കുന്നു.