jisha murder case:case sheet -filed

എറണാകുളം: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. രാവിലെ പത്തു മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരായി ചുമത്തിയിരിക്കുന്നത്.

കേസിലെ പ്രതി അമിറുള്‍ ഇസ്ലാം അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തിന് ശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അമിറുള്‍ അറസ്റ്റിലായ 90 ദിവസം ഈ മാസം 12 ന് അവസാനിച്ചെങ്കിലും ഓണാവധിയായതിനാല്‍ അടുത്ത പ്രവൃത്തി ദിനം ഇന്നായിരുന്നു.

അറസ്റ്റിലായ അസം സ്വദേശി അമിറുള്‍ ഇസ്ലാം മാത്രമായിരിക്കും പ്രതി. ഇയാള്‍ക്കൊപ്പം സംശയ നിഴലിലുണ്ടായിരുന്ന അസം സ്വദേശി അനാറുള്‍ ഇസ്‌ലാമിനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. 1500 പേജുകള്‍ കുറ്റപത്രത്തിനുണ്ട്.

സൗമ്യ വധക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ വിലയിരുത്തലുകളും സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ജിഷാ കേസും രാജ്യം ഉറ്റുനോക്കുകയാണ്. സമാന സാഹചര്യങ്ങളാണ് ഈ കേസിലുമുള്ളത്.

ഏപ്രില്‍ 28 ന് രാത്രി എട്ടു മണിയോടെയാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലുള്ള കനാലിന്റെ തീരത്തെ ഒറ്റ മുറി വീട്ടില്‍ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മാതാവ് രാജേശ്വരി കണ്ടത്.

ലൈംഗിക വൈകൃതമുള്ള പ്രതി മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗിക താത്പര്യത്തോടെ സമീപിച്ച പ്രതി, ജിഷയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അമിറുള്‍ ഇസ്ലാമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ അന്വേഷണത്തിനിടെ ജൂണ്‍ 14 ന് തമിഴ്‌നാട് കാഞ്ചിപുരത്ത് നിന്ന് അമിറുളിനെ കസ്റ്റഡിയിലെടുത്തു. 16 ന് അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകത്തിന് ശേഷം 29 ന് പുലര്‍ച്ചെ വിവേക് എക്‌സ്പ്രസില്‍ അസമിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വച്ച് സുഹൃത്ത് അനാറുളിനോട് കൊലപാതകം വെളിപ്പെടുത്തിയെന്ന് അമിറുള്‍ മൊഴി നല്‍കിയിരുന്നു.

സംഭവ ദിവസം അനാറിന്റെ മുറിയില്‍ മദ്യപിച്ച ശേഷം അവിടെ നിന്ന് അടിച്ചു മാറ്റിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

ഇതോടെ അനാറിനെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. കൊലപാതകം നടക്കുമ്പോള്‍ അനാറുളിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അസമിലായിരുന്നുവെന്ന് അന്വേഷണംസംഘം കണ്ടെത്തി.

അതേസമയം, അമിറുള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയുമാണ്. ഈ ആശയക്കുഴപ്പം അകറ്റാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അനാറുളിനെ കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

ജിഷയുടെ ശരീരത്തില്‍നിന്ന് ലഭിച്ച കോശങ്ങളുടെ ഡി.എന്‍.എ പരിശോധനാ രേഖ അമിറുള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നതിന് പ്രധാന തെളിവാണ്.ഡി.എന്‍.എ, ദൃക്‌സാക്ഷിയുടെ തിരിച്ചറിയല്‍, ആയുധം, പ്രതിയുടെ ചെരുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശക്തമാണെന്നാണ് അന്വേഷണസംഘത്തിന്റെ വാദം.

അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യംചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും നടത്തി.

Top