തിരുവനന്തപുരം: ജിഷ കൊലപാതകക്കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് ഡിജിപി ടി പി സെന്‍കുമാര്‍. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഡിജിപിയുടെ പരാമര്‍ശം.
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫോട്ടോകള്‍ മാത്രമാണ് എടുത്തത്. പോസ്റ്റ്‌മോര്‍ട്ടം പൊലീസ് സര്‍ജനല്ല നടത്തിയതെന്നും പിജി വിദ്യാര്‍ഥിയെ ഏല്‍പിച്ചതു ഗുരുതരമായ വീഴ്ചയാണെന്നും സെന്‍കുമാര്‍ സമ്മതിച്ചു. മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലായിരുന്നു. തുടര്‍ പരിശോധനകള്‍ക്കു വേണ്ടിയിരുന്നെങ്കില്‍ വീണ്ടു പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുമൊക്കെയായി മൃതദേഹം സൂക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായ പ്രതിയെ പിടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് സെന്‍കുമാര്‍ ഇപ്പോള്‍ പറയുന്നത്.
പൊലീസിനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ സെന്‍കുമാര്‍ കുറ്റസമ്മതം നടത്തിയത്. ക്രൂരമായ കൊലപാതകമണെന്നു പൊലീസിനും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും വ്യക്തമായിട്ടും എന്തുകൊണ്ടാണ് പൊലീസ് മനഃപൂര്‍വമായ വീഴ്ച വരുത്തിയതെന്നാണ് ഇനി കണ്ടെത്തേണ്ടത്. ഒറ്റനോട്ടത്തില്‍തന്നെ ഗുരുതരമായ ക്രൂരകൃത്യമാണ് നടന്നതെന്നു വ്യക്തമായതാണ് എന്നിട്ട് എന്തുകൊണ്ട് സീനിയറായ ഒരു പൊലീസ് സര്‍ജനെ പോസ്റ്റ്‌മോര്‍ട്ടത്തിനു നിയോഗിച്ചില്ല എന്നതാണ് പ്രസ്‌ക്തമായ ചോദ്യം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടില്‍പോലും കൊണ്ടുവരാതെ ദഹിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതെന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. ഇത്തരത്തില്‍ പ്രമാദമായ കേസാകുമെന്ന വ്യക്തമായ ബോധ്യമുണ്ടായിട്ടും ജിഷയുടെ ശരീരത്തില്‍നിന്നു തെളിവുകളൊന്നും ലഭിക്കാതിരിക്കാനുള്ള ഗൂഢശ്രമമാണ് മൃതദേഹം പെട്ടെന്നു ദഹിപ്പിച്ചതിനു പിന്നിലെന്നാണൂ സൂചന. മാതാവിനെപ്പോലും മൃതദേഹം കാണിച്ചത് ശ്മശാനത്തില്‍വച്ചാണ്.
പൊലീസിന് വീഴ്ചവന്നു എന്നു സംസ്ഥാന പൊലീസ് മേധാവിതന്നെ സമ്മതിച്ച സാഹചര്യത്തില്‍ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍, പൊലീസ് തലത്തില്‍ ഗൗരവമായ വീഴ്ചവന്നെന്നു വ്യക്തമാവുകയാണ്. ആദ്യഘട്ടം മുതല്‍ പൊലീസ് കുറ്റകരമായ അനാസ്ഥ നടത്തിയതായും വ്യക്തമാവുകയാണ്. ഇതുവരെ ഇത്തരത്തില്‍ വീഴ്ചവരുത്തിയ പൊലീസുകാരുടെ പേരില്‍ വകുപ്പുതലത്തില്‍പോലും നടപടിയെടുത്തിട്ടില്ല.