jisha murder ; dna test

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെണ്‍മണിയില്‍ നിന്നു പിടിയിലായ മണികണ്ഠന്റെ ഡി.എന്‍.എ പരിശോധിനയ്ക്ക് അയച്ചു.

ഹൈദരാബാദിലെ കേന്ദ്ര ലാബിലാണ് ഡി.എന്‍.എ അയച്ചത്. നാലു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും. ജിഷയുടെ ഘാതകനെന്ന് കരുതുന്ന ആളുടെ പൊലീസ് തയാറാക്കിയ രേഖാചിത്രം മണികണ്ഠനുമായി സാമ്യമുള്ളതായിരുന്നു.

വ്യാഴാഴ്ചയാണ് മണികണ്ഠനെ, വെണ്‍മണി മണിയാമ്പ്രയില്‍ ടോമിയുടെ വീട്ടില്‍പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ടോമിയുടെ വീട്ടിലെത്തിയ പൊലീസിനെ കണ്ട് ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ അന്വേഷണ സംഘം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചിരുന്നു. ഇയാളുടെ ചിത്രവും നല്‍കിയിരുന്നു. രേഖാചിത്രത്തിന് പുറമേയാണ് ഈ ചിത്രം നല്‍കിയത്.

ടോമിയുടെ വീട്ടില്‍ മണികണ്ഠനെ കണ്ടപ്പോള്‍ സാമ്യം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിത്രം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചത്. അപസ്മാര രോഗം മൂലം വീണ് പരിക്കേറ്റ് ഇയാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞത്. മൂവാറ്റുപുഴയില്‍ വച്ചാണ് പരിക്കേറ്റതെന്ന് പറയുന്നു.

എന്നാല്‍ നിസാര കാര്യത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയതെന്തിനെന്നും ശരീരത്തില്‍ നഖം കൊണ്ടു കീറിയപാടുകളും അകന്ന മുന്‍നിര പല്ലുകളുമാണ് പൊലീസിന് സംശയം ഉളവാക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചെന്നും നാടോടി സംഘമാണ് വളര്‍ത്തിയതെന്നും തനിക്ക് മറ്റ് മേല്‍വിലാസമോ തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്നും ഇയാള്‍ പറഞ്ഞു.

Top