jisha murder; forensic report

കൊച്ചി: അമീറുല്‍ ഇസ്ലാമിന്റെ ആക്രമണത്തില്‍ കഴുത്തിലെ ജുഗുലാര്‍ രക്തധമനി മുറിഞ്ഞതോടെ 10 മിനിറ്റിനകം
ജിഷയ്ക്ക് മരണം സംഭവിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തികൊണ്ട് ആഞ്ഞ് കുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറില്‍നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയാണ് ജുഗുലാര്‍.

ഈ ധമനിക്ക് രക്തസമ്മര്‍ദം കുറവാണ്. അതിനാല്‍ ഇത് മുറിഞ്ഞാല്‍ വളരെ വേഗം മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി ജിഷയുടെ കഴുത്തിലാണ് ആദ്യം കുത്തിയത്. ഈ കുത്തേറ്റാണ് ധമനി മുറിഞ്ഞത്.

ജിഷയില്‍ തന്റെ ലൈംഗികമോഹം നടക്കില്ലെന്ന് വന്നതോടെ ജനനേന്ദ്രിയത്തില്‍ കത്തി കൊണ്ട് പലവട്ടം കുത്തുകയായിരുന്നു. അതിന്റെ ഫലമായി കുടല്‍ 13 സെ.മീറ്ററോളം മുറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് ആന്തരികാവയവങ്ങളും പുറത്തുവന്നു.

ബലാത്സംഗം സംബന്ധിച്ച ക്രിമിനല്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഇങ്ങനെ ചെയ്യുന്നതുമൂലം ഇര മരിച്ചാല്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാണ്.

ഐ.പി.സി 376ാം വകുപ്പ് പ്രകാരമാണ് ഇങ്ങനെ ശിക്ഷ കല്‍പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിര്‍ഭയസംഭവത്തിന് മുമ്പുവരെ ഈ ഭേദഗതി ഉണ്ടായിരുന്നില്ല.

2013ലെ പുതിയ ഭേദഗതി പ്രകാരം ലൈംഗികപീഡനം ലക്ഷ്യം വെച്ച് ശരീരഭാഗംകൊണ്ട് സ്പര്‍ശിച്ചാലും പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയാലും ജനനേന്ദ്രിയത്തില്‍ മറ്റുവസ്തുക്കള്‍ കൊണ്ട് ആക്രമിച്ചാലും ബലാത്സംഗത്തിനാണ് കേസെടുക്കേണ്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പുറമെ പ്രതിക്കെതിരെ ബലാത്സംഗത്തിനും കേസെടുത്തിരിക്കുന്നത്. വിചാരണവേളയില്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് പൊലീസ് ഉറച്ചുവിശ്വസിക്കുന്നത്. പ്രതിക്ക് വധശിക്ഷ ഉറപ്പാണെന്നും പൊലീസ് പറയുന്നു.

Top