പെരുമ്പാവൂര്‍: പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്റെ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു.
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ സുനിലും പൊലീസുകാരനായ വിനോദും ചേര്‍ന്ന് സര്‍ക്കാറില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. 1000 രൂപയും തനിക്ക് തന്നതായി പാപ്പു വ്യക്തമാക്കി.
മകള്‍ക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നല്‍കിയെന്ന് പറയുന്ന ഈ പരാതിയില്‍ പൊലീസ് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതിവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ ആരോപണമുന്നയിച്ചിരുന്നു.തുടര്‍ന്ന് തങ്കച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും ജോമോന്റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടിരുന്നു.