jisha murder-justice K. narayana kurup statement

കൊച്ചി : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് മനഃപൂര്‍വം തെളിവു നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്.

പൊലീസ് എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ ബഹളംവച്ചില്ലായിരുന്നെങ്കില്‍ കേസ് പണ്ടേ കുഴിച്ചുമൂടിയേനെ. കേസില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഐജി മഹിപാല്‍ യാദവ് നല്‍കിയ മറുപടി തള്ളിക്കളയുന്നതായും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ ബുധനാഴ്ച എറണാകുളത്ത് നടന്ന സിറ്റിങ്ങിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടും വരാതിരുന്ന ഐജി അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരും ജൂണ്‍ രണ്ടിന് നേരിട്ടു ഹാജരാകണമെന്ന കര്‍ശനനിര്‍ദേശവും അദ്ദേഹം പുറപ്പെടുവിച്ചു.

കേസിലെ നിര്‍ണായകമായ പ്രാഥമിക തെളിവുകളെല്ലാം ഇല്ലാതായി. ജിഷയുടെ അമ്മ എതിര്‍ത്തിട്ടും മൃതദേഹം ദഹിപ്പിച്ചു. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ തെളിവുകള്‍ സംരക്ഷിക്കേണ്ടതായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് സംഭവസ്ഥലം സീല്‍ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ അഞ്ചു മിനിറ്റുപോലും വേണ്ട.

കേസില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് വിശദീകരണമാവശ്യപ്പെട്ടു നല്‍കിയ നോട്ടീസിന് ഐജി നല്‍കിയ മറുപടി. എന്നാല്‍ പൊലീസിന്റെ എല്ലാവിധ പെരുമാറ്റദൂഷ്യങ്ങളും വീഴ്ചകളും പരിശോധിക്കാന്‍ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്ക് അധികാരമുണ്ട്. ഐജിയുടെ മറുപടി നിഷേധാത്മകമാണെന്നും എന്തോ ഒളിച്ചുവയ്ക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ കൊലപാതകമാണ് നടന്നത്. കൊല്ലപ്പെട്ടത് ദളിത് നിയമവിദ്യാര്‍ഥിനിയും. പെറ്റിക്കേസുവരെ മാധ്യമങ്ങളെ വിളിച്ചറിയിക്കാറുള്ള പൊലീസ് ഈ കേസ് ഒളിച്ചുവയ്ക്കാനാണ് ശ്രമിച്ചത്. നിരുത്തരവാദപരമായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ദേശീയ മനുഷ്യാവകാശ കമീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ എടുക്കേണ്ടതായിരുന്നു. അതിവിടെ ഉണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പിജി വിദ്യാര്‍ഥിയുമാണ്. കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതുപോലെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

ഐജി മഹിപാല്‍ യാദവ്, എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി അനില്‍കുമാര്‍, സിഐ രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവരാണ് അതോറിറ്റിയുടെ അടുത്ത സിറ്റിങ്ങില്‍ നേരിട്ടു ഹാജരാകേണ്ടത്.

Top