jisha murder ldf day and night strike ending

പെരുമ്പാവൂര്‍ : ജിഷയുടെ കൊലയാളികളെ കണ്ടുപിടിക്കുക, കുടുംബത്തിന് നീതി ഉറപ്പാക്കുക, അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തി വരുന്ന രാപകല്‍ സമരം ഇന്ന് അവസാനിപ്പിച്ചു. രാവിലെ പെരുമ്പാവൂരിലെത്തിയ പി.കെ.ശ്രീമതി എംപി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അന്വേഷണച്ചുമതല എഡിജിപി ബി.സന്ധ്യക്കു കൈമാറിയ സാഹചര്യത്തിലാണു രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവിലുള്ള സംഘത്തെ മുഴുവന്‍ മാറ്റിയാണ് പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Top