കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നേരായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
ജിഷ വധക്കേസ് പൊലീസ് തെളിയിക്കുക തന്നെ ചെയ്യും. കേസന്വേഷണം എന്നത് മാജിക്കല്ല. കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ കഴിയും.
മറ്റുചിലപ്പോള്‍ ഒരു വര്‍ഷം വരെ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ വീടും ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയേയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബെഹ്‌റ.
ജിഷ വധക്കേസിന്റെ അന്വേഷണ പുരോഗതിയില്‍ പൊലീസിന് ശുഭാപ്തി വിശ്വാസമുണ്ട്. എത്രയും പെട്ടെന്ന് തെളിയിക്കാനാകുമെന്ന് പ്രതീക്ഷ. ശാസ്ത്രീയമായ അന്വേഷണങ്ങളാണ് നടത്തി വരുന്നത്. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു.
ജിഷയുടെ വീടും പരിസരവും ഒരു മണിക്കൂറോളം ഡി.ജി.പി പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നാട് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടത്.
ജിഷയുടെ വീട് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമായി ഡി.ജി.പി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.