jisha murder – rape- postmortam report

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആയുധമുപയോഗിച്ചുള്ള കൊലപാതകമെന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ജിഷ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും ഘാതകരെപ്പറ്റി സൂചനയില്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ചിത്രം പൊലീസിന് മുന്നിലില്ല.

28 പേരടങ്ങുന്ന സംഘത്തെ എട്ടായി തിരിച്ച് അന്വേഷണത്തിന് വൈവിധ്യം വരുത്തിയെന്നതാണ് വ്യാഴാഴ്ചയുണ്ടായ പ്രധാന സംഭവം. ഐ.ജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എ. അനില്‍കുമാറിനെ അന്വേഷണ ചുമതലയില്‍ നിന്നുമാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് എട്ട് ടീമായി തിരിച്ചു. അന്വേഷണ പുരോഗതിയുടെ ഏകോപനം വ്യാഴാഴ്ച മുതല്‍ ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രക്കാണ്. വ്യാഴാഴ്ചയാണ് പൊലീസ് ക്രിയാത്മക നടപടിയിലേക്ക് നീങ്ങിയത്.

അയല്‍ക്കാരെയും അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച അന്വേഷണമാണ് ഒരു ടീമിന് നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നടക്കം കസ്റ്റഡിയിലെടുത്തവരെ കേസുമായി ബന്ധിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിരലടയാളവും മറ്റ് തെളിവുകളുമായി ഇവരെ കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

തെളിവ് നശിപ്പിക്കപ്പെടുകയും ഫോറന്‍സിക് ഡോക്ടര്‍ അടക്കമുള്ളവരെ എത്തിച്ച് ‘സീല്‍ വിസിറ്റ്’ നടത്താതിരിക്കുകയും ചെയ്തതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കോടതിയില്‍ കേസ് നിലനില്‍ക്കാന്‍ അനിവാര്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രാഥമികമായി പൊലീസ് പരാജയപ്പെട്ടന്നാണ് വിലയിരുത്തല്‍. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാവാത്തത് ഇതുകൊണ്ടാണ്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയില്ല. ഇവ പരിശോധന നടത്താതെ നേരിട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു പൊലീസ്. ആരോപണം ശക്തമായതോടെ വ്യാഴാഴ്ച ഇവ കോടതിയില്‍നിന്ന് തിരിച്ചുവാങ്ങി.

Top