കൊച്ചി : ജിഷയെ കൊല്ലാന്‍ പ്രേരകമായി അമിറുള്‍ ഇസ്ലാം പറയുന്ന കാര്യങ്ങള്‍ യുക്തിരഹിതം. കുളിക്കടവില്‍ ഒരു സ്ത്രീ തന്നെ അടിച്ചുവെന്നും അതുകണ്ട ജിഷ പരിഹാസത്തോടെ ചിരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി പറഞ്ഞതായ പൊലീസിന്റെ വാദമാണ് അവിശ്വസനീയം.
വിദഗ്ധ പരിശോധനയില്‍ കമ്പി പാര ഉപയോഗിച്ചാണ് ജിഷയെ കൊന്നതെന്ന് ‘കണ്ടെത്തിയ’ അന്വേഷണ സംഘം ഒടുവില്‍ കൊലക്കുപയോഗിച്ചത് കത്തിയാണെന്ന് കണ്ടെത്തുകയും അത് പിന്നീട് കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇത് ‘എസ്’ കത്തി മാതൃകയിലുള്ള കണ്ട് പിടുത്തമാണോയെന്ന സംശയം ഇതിനകം തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കഴിഞ്ഞു. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പൊാലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതേ രൂപത്തിലുള്ള ആയുധങ്ങള്‍ ഉണ്ടാക്കിപ്പിച്ച് തെളിവ് ശേഖരത്തില്‍ ഉള്‍പ്പെടുത്തുന്ന പതിവ് പൊലീസിനുണ്ട്.
കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ വധക്കേസില്‍ ‘എസ്’ കത്തി വിവാദം ഉണ്ടായത് അങ്ങനെയാണ്. അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിന്‍സന്‍ എം.പോള്‍ എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പ്രതികള്‍ കൊല നടത്തിയതെന്ന് പത്രസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു.
പിന്നീട് എസ് കത്തി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ രംഗത്തെത്തിയതോടെ വന്‍ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. എസ് മോഡല്‍ കത്തി നിര്‍മ്മിക്കാന്‍ കൊല്ലന്റെ ആലയില്‍ പൊലീസ് എത്തിയത് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായത് പൊലീസിന് നാണക്കേടായിരുന്നു.
ഇവിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നതനെതിരെ ആരോപണമുന്നയിച്ച പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ മൊഴി രേഖപ്പെടുത്തുമ്പോള്‍ എ.ഡി.ജി.പി സന്ധ്യ, പ്രതി കൃത്യം നടത്തിയത് കമ്പിപാര ഉപയോഗിച്ചാണെന്ന് പറഞ്ഞുവെന്നാണ് ജോമോന്റെ വാദം.
കമ്പിപാര എങ്ങനെയാണ് കത്തിയായതെന്ന് ഉള്‍പ്പെടെ അന്വേഷണ സംഘത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ജോമോന്‍ ചോദിക്കുന്നത്. കൊലയാളി അസം സ്വദേശിയായ അമിറുള്‍ ആണെങ്കില്‍ കൊല്ലിച്ചത് ആരാണെന്ന് കൂടി കണ്ടെത്തണമെന്നതാണ് നിയമ പോരാട്ടവുമായി മുന്നോട്ട് പോവുന്ന ജോമോന്‍ ആവശ്യപ്പെടുന്നത്. ഒറ്റക്ക് അമീറിന് ഇത്രയും ക്രൂരമായ കൊല നടത്താന്‍ കഴിയില്ലെന്നും കൊലപാതകം നടന്നശേഷം പൊലീസിനെക്കൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അമിറുള്‍ ഇസ്ലാമിനെതിരെ നിരവധി കേസുകള്‍ അസമിലുണ്ടെന്ന പ്രചരണം തെറ്റാണെന്നാണ് അസം പൊലീസ് പറയുന്നത്.
കുളിക്കടവിലെ കളിയാക്കലും സംഭവ ദിവസം രാവിലെ ജിഷ ചെരിപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിച്ചതുമെല്ലാം കൊലപാതകത്തിന് മതിയായ കാരണമല്ലെന്ന നിഗമനത്തിലാണ് നിയമ വിദഗ്ധരും.
ജിഷയെ ഉപദേശിക്കാന്‍ സംഭവദിവസം രാവിലെ വീട്ടിലെത്തി എന്ന് പ്രതി പറഞ്ഞതായ പൊലീസ് ഭാഷ്യവും സംശയാസ്പദമാണ്.
പൊലീസ് തന്നെ അസാമി കലര്‍ന്ന ഹിന്ദി സംസാരിക്കുന്ന ദ്വിഭാഷിയുടെ സഹായം തേടിയിട്ടാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തന്നെ ബംഗാളി കലര്‍ന്ന ഹിന്ദിയിലാണ് അമിറുളിനെ ചോദ്യം ചെയ്തത്. ഈ ഭാഷ വശമില്ലാത്ത ജിഷ എങ്ങനെ അമിറുളുമായി സംസാരിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
സംഭവ ദിവസം വീട്ടിനകത്ത് നിന്ന് ”ഇതാണ് …… നിങ്ങളെയൊന്നും വിശ്വസിക്കാന്‍ പറ്റാത്തതെന്ന” തരത്തില്‍ ജിഷ സംസാരിക്കുന്നത് കേട്ടതായ അയല്‍വാസികളുടെ മൊഴിയും ഇവിടെ പ്രസക്തമാണ്. ജിഷ മലയാളത്തില്‍ സംസാരിച്ചാല്‍ അവിടെ അമിറുളാണ് ഉണ്ടായിരുന്നതെങ്കില്‍ എങ്ങനെ അവന് മനസ്സിലാകും?. കൊലപാതകത്തിന് പിന്നില്‍ മറ്റ് പലരും കൂടി ഉണ്ടെന്ന സംശയത്തിന് ബലമേകുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അമിറുളിനെ പറ്റി ഒന്നും കേട്ടിട്ടുപോലുമില്ലെന്ന ജിഷയുടെ സഹോദരിയുടെയും അമ്മയുടെയും നിലപാടും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.
ഈയൊരു സാഹചര്യത്തില്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമായില്ലെങ്കില്‍ പ്രതി വിചാരണയില്‍ രക്ഷപ്പെടാനുള്ള സാഹചര്യം വളരെ കൂടുതലാണ്. ആരെങ്കിലും അമിറുളിന് ക്വട്ടേഷന്‍ കൊടുത്ത് കൃത്യം ചെയ്യിപ്പിച്ചതാണോ? സംഭവ ദിവസം അമിറുളിനെക്കൂടാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നുവോ, തുടങ്ങിയകാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ഇതിനിടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് നിരപരാധിയെ പ്രതിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് പറഞ്ഞതായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആരോപണം വിവാദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലായിരുന്നു ജോമോന്റെ ആരോപണം.
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ മുള്‍മുനയില്‍ നിര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചോദ്യങ്ങള്‍ ചുവടെ…
1. രാത്രി 8.15ന് പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന് …..? (ആലപ്പുഴ നിന്നും പെരുമ്പാവൂരില്‍ മൃതദേഹം എത്തിക്കാന്‍ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക )
2. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ ഒരു മൃതദേഹവും സംസ്‌കരിക്കാന്‍ പാടില്ലെന്ന് ടി ശ്മശാനത്തില്‍ നിയമം/ കീഴ്‌വഴക്കം ഉള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30ന് ദഹിപ്പിക്കാന്‍ സ്ഥലം CI നിര്‍ബസം പിടിച്ചത് എന്തിന് …?
3 . സ്വന്തം തൊഴിലിനും തുടര്‍ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താന്‍ പൊലീസിന് ധൈര്യം കൊടുത്ത ഉന്നതന്‍ ആര് …?
4. ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് …?
5. സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതിന് പകരം ടി നടപടി 5 ദിവസം വൈകിപ്പിച്ച് തെളിവുകള്‍ നശിക്കാന്‍ പൊലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട് …?
6. സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡി ക്ക് തുല്യമായ ആശുപത്രി തടങ്കലില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ട് …?
7. പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാന്‍ വേണ്ടി എന്ന രീതിയില്‍ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തില്‍ മോശക്കാരിയായി ചിത്രീകരിക്കുവാന്‍ അവര്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പരസ്യപ്പെടുത്തിയത് എന്തുകൊണ്ട് …?
8. ഇത്തരം കേസുകളുടെ FIR തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പൊലീസ് തനിച്ച് FIR തയ്യാറാക്കിയത് എന്തുകൊണ്ട് …?
9. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേല്‍നടപടികളെ സ്വാധീനിക്കാന്‍ തക്ക ഇടപെടല്‍ നടത്താന്‍ അയാള്‍ക്കുള്ള ഉന്നത ബന്ധവും സ്വാധീനവും എന്താണ് …?
10. ടി കേസ് ഇത്രമേല്‍ ബോധപൂര്‍വമായ അലസതയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ….?
11. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം DNA test എന്ന ലളിതമായ നടപടിക്ക് വിധേയനാകാന്‍ ശ്രീ.P.P.തങ്കച്ചന്‍ തയ്യാറാകാത്തത് എന്തുകൊണ്ട് …? (DNA test ല്‍ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസിന് അത് കൂടുതല്‍ ബലമല്ലേ ആവുക )
ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി ലഭിച്ചാല്‍ മാത്രമേ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കപ്പെടുകയുള്ളു.