Jisha’s father Paappu complained DGP

കൊച്ചി: പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് വീണ്ടും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.

കേസില്‍ ശേഖരിച്ച് വച്ചിട്ടുള്ള ആന്തരികാവയവങ്ങള്‍ ജിഷയുടെത് തന്നെയാണ് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. ആന്തിരാകവയവങ്ങള്‍ ജിഷയുടെയത് തന്നെയെന്ന് ഉറപ്പ് വരുത്തുന്നതിനായി ഭാര്യ രാജേശ്വരിയുടെ രക്തസാമ്പിള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് ജിഷയുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത പുറത്ത് കൊണ്ടുവരാന്‍ സഹായകരമാകുന്നതാണ്. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് നേതാവാണെന്നും ജിഷ ഇദ്ദേഹത്തിന്റെ മകളാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി കൈമാറിയിരുന്നു.

ഇതിനു പിന്നാലെ, ജിഷയുടെ അച്ഛന്റേതെന്ന പേരില്‍ ജോമാന്‍ പുത്തന്‍പുരയ്ക്കലിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു. എന്നാല്‍, ജോമോനെതിരെ പരാതി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരനായ വാര്‍ഡ് അംഗം വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും പാപ്പു വെളിപ്പെടുത്തിയിരുന്നു. ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് അംഗം 1000 രൂപ നല്‍കിയെന്നും പാപ്പു പറഞ്ഞിരുന്നു.

ജിഷ കൊല ചെയ്യപ്പെട്ടതിന് ശേഷം അഞ്ച് ദിവസം പുറംലോകമറിയാതെ മൂടിവെച്ചത് തെളിവ് നശിപ്പിക്കാാനും പ്രിതകളെ സഹായിക്കാനും വേണ്ടിയാണെന്നും ജിഷയുടെ പിതാവ് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

തന്റെ എതിര്‍പ്പ് വകവയ്ക്കാതെ നിലവിലുള്ള നിയമം മറികടന്ന് ജിഷയുടെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതിനാല്‍ റിപോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള അവസരമില്ലാതാക്കിയെന്നും പാപ്പു പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഷ വധക്കേസ് അട്ടിമറിക്കാനുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാപ്പു നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Top