jishnu audio out

jishnu pranoy

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ നേതൃത്വത്തില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെയ്ക്കാനായി നീക്കം നടത്തിയതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖകളില്‍ നിന്നും വാട്ട്‌സ് അപ്പ് സന്ദേശങ്ങളില്‍ നിന്നുമാണ് അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയതിനെ തുടര്‍ന്ന് ജിഷ്ണു പ്രണോയിയോട് മാനേജ്‌മെന്റിന് വൈരാഗ്യം ഉണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പരീക്ഷ മാറ്റിവെപ്പിക്കുന്നതിനായി ജിഷ്ണു നടത്തിയ ശ്രമങ്ങളുടെ വിവരങ്ങളും തീരുമാനനങ്ങളും മന്ത്രിതല ചര്‍ച്ചയില്‍ ഉണ്ടാകുമെന്നും വിശദീകരിക്കുന്ന ശബ്ദരേഖയും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിനൊപ്പം കെടിയു വിദ്യാര്‍ഥികളുടെ പ്രശ്‌നം വാര്‍ത്തയാക്കാനായി മാധ്യമങ്ങളെ സമീപിച്ചതിന്റെ വിശദാംശങ്ങളും ജിഷ്ണു സുഹൃത്തുക്കളോട് വിവരിക്കുന്നുണ്ട്.

ആവശ്യമായ സ്റ്റഡി ലീവ് അടക്കം ലഭിച്ചില്ലെന്ന് കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു അയച്ച ഇ – മെയിലിന്റെ കോപ്പി, മറ്റുള്ളവരോട് ഇതേ രീതിയില്‍ ഇ മെയില്‍ അയക്കാന്‍ ജിഷ്ണു നിര്‍ദേശിക്കുന്ന വാട്ട്‌സ് അപ്പ് സന്ദേശങ്ങള്‍, വിദ്യാര്‍ഥി സംഘടനാ നേതാവിന് അയച്ച സന്ദേശം എന്നിവയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ഇത്തരത്തില്‍ കെടിയു തീരുമാനത്തിന് എതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച ജിഷ്ണുവിന്റെ നടപടി മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് ജിഷ്ണുവിന് പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Top