തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് സിബിഐ.
കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാട് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
കത്തു മുഖാന്തിരം ആണ് സിബിഐ സംസ്ഥാന സര്‍ക്കാരിനെ തങ്ങളുടെ നിലപാട് അറിയിച്ചത്.
കേസുകളുടെ ബാഹുല്യമാണെന്നും ഏറ്റെടുക്കാനുള്ള പ്രാധാന്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസ് സിബിഐക്കുവിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹാജരാക്കി.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചതെന്ന് വ്യാഴാഴ്ച ജസ്റ്റീസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ കോടതിയിൽ വിശദീകരണം നൽകിയത്.
നിലവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിനു പുറമേ മുൻ ഡിജിപി സെൻകുമാറിന്റെ അവലോകന റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. കേസ് സബിഐക്കു വിടണമെന്നുള്ള, ജിഷ്ണുവിന്റെ അമ്മയുടെ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കുമെന്നാണ് വിവരം.