കൊച്ചി: ജിഷ്ണു കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ച വിഷയത്തില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതേസമയം കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിവേണം. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ച് യാതൊരു ആക്ഷേപവുമില്ല അദ്ദേഹത്തെ നിലനിര്‍ത്തി സംഘം വിപുലീകരിക്കണമെന്നും കുടുംബം പറഞ്ഞു.
എന്നാല്‍ പി.കൃഷ്ണദാസിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാന്‍ കാരണമെന്നും ചെന്നത്തല കുറ്റപ്പെടുത്തി.